ഗാസയിൽ ഇസ്രയേൽ നടത്തുന്ന അക്രമങ്ങളെ നിശിതമായി വിമർശിച്ചും ഇസ്രയേലിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചും ആംനസ്റ്റി ഇന്റർനാഷണൽ. ഇസ്രയേൽ നടത്തുന്നത് വംശഹത്യയെന്നും അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി ഇസ്രയേലിനെതിരെ രംഗത്തുവരണമെന്നും റിപ്പോർട്ട് ആഹ്വാനം ചെയ്യുന്നു. ഇസ്രയേലിന്റെ മേൽ കൂടുതൽ ഉപരോധങ്ങളും മറ്റും ഏർപ്പെടുത്തി കൊണ്ട് വിഷയത്തിൽ യുഎൻ കർശനമായി ഇടപെടണമെന്നും ആംനസ്റ്റി ആവശ്യപ്പെടുന്നുണ്ട്. ഗാസയിലെ സിവിലിയൻ ജനസംഖ്യയെ ഉന്മൂലനം ചെയ്യുന്നതിനുള്ള ആകമണങ്ങളാണ് ഇസ്രയേൽ നടത്തുന്നതെന്നാണ് ആംനെസ്റ്റിയുടെ കുറ്റപ്പെടുത്തൽ. സാധാരണ ജനങ്ങളെയടക്കം ലക്ഷ്യമിട്ടുള്ള ആക്രമണമാണ് ഇസ്രയേൽ നടത്തുന്നതെന്നും ആംനെസ്റ്റി വിവരിക്കുന്നുണ്ട്. ജനസാന്ദ്രതയുള്ള മേഖലകളിൽ നടത്തുന്ന ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ കടുത്ത ലംഘനമാണെന്നും ആംനെസ്റ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ദൃക്‌സാക്ഷികളുമായുള്ള അഭിമുഖങ്ങള്‍, ഡിജിറ്റല്‍ തെളിവുകള്‍, ദൃശ്യങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയാണ് ആംനസ്റ്റിയുടെ റിപ്പോര്‍ട്ട്. ഇതിനൊപ്പം തന്നെ ഇസ്രയേല്‍ സര്‍ക്കാര്‍ പ്രതിനിധികളുടെയും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുടെയും പരാമർശനങ്ങളും റിപ്പോര്‍ട്ടില്‍ വിവരിച്ചിട്ടുണ്ട്. അതേസമയം ആനംസ്റ്റിയുടെ കണ്ടെത്തല്‍ ഇസ്രയേല്‍ പൂര്‍ണമായും തള്ളിക്കളഞ്ഞിട്ടുണ്ട്. ഗാസയിലെ സാധാരണ ജനങ്ങൾക്ക് നേരെയല്ല ആക്രമണമെന്നും ഹമാസ് തീവ്രവാദികൾക്കെതിരെയാണ് യുദ്ധമെന്നും ഇസ്രയേൽ വിവരിച്ചു.
ഗാസയിൽ ഹമാസിനെതിരായ ഇസ്രയേലിന്‍റെ യുദ്ധം തുടങ്ങി ഒരു വർഷവും 2 മാസവും പിന്നിടുകയാണ്. കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിനായിരുന്നു ഇസ്രയേലിനെ നടുക്കിയ ഹമാസിന്റെ ആക്രമണം. ഇതിന് പിന്നാലെ തുടങ്ങിയ തിരിച്ചടി ഇസ്രയേൽ ഇനിയും അവസാനിപ്പിച്ചിട്ടില്ല. ഇന്നലെ തെക്കൻ ഗാസയിലെ അൽ മവാസിയിലെ ക്യാംപിനു നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളും അടക്കം 21 പേര് കൊല്ലപ്പെട്ടു. ഇതുൾപ്പെടെ 48 പേരാണ് 24 മണിക്കൂറിനിടെ ഗാസയിൽ കൊല്ലപ്പെട്ടത്. ഗാസയിലെ യുദ്ധത്തിൽ ഇതുവരെ 44,580 പേർ കൊല്ലപ്പെട്ടതായാണു കണക്ക്. 1,05,739 പേർക്കു പരുക്കേറ്റു. ലെബനോനിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ഇതുവരെ 4047 പേർ കൊല്ലപ്പെട്ടു, 16638 പേർക്ക് പരുക്കേറ്റു.