16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സാമൂഹികമാദ്ധ്യമം ഉപയോഗിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തിയ ബില്ലിനെ പ്രശംസിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസ്. കുട്ടികളുടെ സുരക്ഷയ്‌ക്ക് മുൻഗണന കൊടുക്കുന്നതിൽ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകൾക്കും ഉത്തരവാദിത്വം ഉണ്ടെന്നും, കുട്ടികളിൽ ഇതിന്റെ ദോഷഫലങ്ങളുടെ സ്വാധീനം കുറയ്‌ക്കാനാകുമെന്നും അൽബാനീസ് പറയുന്നു.
കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, എക്സ് തുടങ്ങിയ സമൂഹമാദ്ധ്യമങ്ങളുടെ ഉപയോഗം വിലക്കുന്ന ബിൽ ഓസ്‌ട്രേലിയൻ പാർലമെന്റ് പാസാക്കിയത്. കുട്ടികൾ സാമൂഹികമാദ്ധ്യമങ്ങളിൽ അക്കൗണ്ട് തുടങ്ങാതിരിക്കാൻ കമ്പനികൾ നടപടിയെടുക്കണമെന്നാണ് ബിൽ വ്യവസ്ഥ ചെയ്യുന്നത്. 13 -നെതിരെ 102 വോട്ടുകൾക്കാണ് ബിൽ പാസായത്. നിയമലംഘനത്തിന് 50 ദശലക്ഷം ഓസ്ട്രേലിയൻ ഡോളർ പിഴ ചുമത്തുന്ന ബില്ലിനെ പ്രധാന പാർട്ടികൾ പിന്തുണച്ചു. നിയന്ത്രണങ്ങൾ നടപ്പാക്കാൻ നടപ്പിലാക്കാൻ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് ഒരു വർഷത്തോളം സമയം അനുവദിച്ചിട്ടുണ്ട്. അതിന് ശേഷം മാത്രമേ നിരോധനം പ്രാബല്യത്തിൽ വരികയുള്ളൂ. അതിനു ശേഷം ചെറിയ കുട്ടികൾ അക്കൗണ്ടുകൾ തുറക്കുന്നത് തടഞ്ഞില്ലെങ്കിൽ ഈ പ്ലാറ്റ്ഫോമുകൾക്ക് നിയമനടപടിയും പിഴയും നേരിടേണ്ടിവരും.
ബില്ലിന് കൗമാരക്കാരുടെ മാതാപിതാക്കളിൽനിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.