Monday, December 23, 2024
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home Latest News ഐസിസിക്കെതിരെ രൂക്ഷവിമർശനവുമായി നെതന്യാഹു, ഇസ്രയേലിനൊപ്പമെന്നു ബൈഡൻ
ഐസിസി-ക്കെതിരെ രൂക്ഷവിമർശനവുമായി നെതന്യാഹു, ഇസ്രയേലിനൊപ്പമെന്നു ബൈഡൻ

ഐസിസിക്കെതിരെ രൂക്ഷവിമർശനവുമായി നെതന്യാഹു, ഇസ്രയേലിനൊപ്പമെന്നു ബൈഡൻ

ഗാസയിലും ലബനനിലും ഇസ്രയേൽ ആക്രമണം തുടരുന്നു.

by Editor
Mind Solutions

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച അന്താരാഷ്ട്ര ക്രിമിനല്‍ കോടതി(ഐസിസി)യുടെ നടപടി അതിരുകടന്നതാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ഐസിസി എന്തൊക്കെ പ്രയോഗിക്കാന്‍ ശ്രമിച്ചാലും ഇസ്രയേലും ഹമാസും ഒന്നല്ലെന്നും, ഇസ്രയേലിന്റെ സുരക്ഷയ്‌ക്കെതിരായ ഭീഷണികള്‍ക്കെതിരെ എപ്പോഴും കൂടെയുണ്ടാകുമെന്നും ബൈഡന്‍ പറഞ്ഞു. അറസ്റ്റ് വാറന്റിനെ തള്ളിക്കളയുന്നുവെന്ന് വൈറ്റ് ഹൗസും കഴിഞ്ഞ ദിവസം പ്രസ്താവനയിറക്കിയിരുന്നു.

തനിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച അന്താരാഷ്ട്ര ക്രിമിനൽ കോടതി നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്ത് വന്നു. എക്‌സിൽ പങ്കുവെച്ച ഒരു വീഡിയോയിലൂടെയായിരുന്നു നെതന്യാഹു മറുപടി നൽകിയത്. ഈ വാറന്റ് മറ്റൊരു ‘ഡ്രെയ്‌ഫസ് ട്രയൽ’ ആണെന്നാണ് നെതന്യാഹു പറഞ്ഞത്. 1894 മുതൽ 1906 വരെയുള്ള കാലയളവിൽ, ജർമനിക്ക് സൈനീക രഹസ്യങ്ങൾ ചോർത്തി എന്നാരോപിച്ച്, ആൽഫ്രഡ് ഡ്രെയ്‌ഫസ് എന്ന ജൂത ഫ്രഞ്ച് ആർമി ഉദ്യോഗസ്ഥനെ തെറ്റായി കുറ്റക്കാരാണെന്ന് കണ്ടെത്തിയ നടപടിയായിരുന്നു ‘ഡ്രെയ്‌ഫസ് ട്രയൽ’. നെതന്യാഹുവിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച ജഡ്ജിയും ഫ്രഞ്ച് പൗരനാണ് എന്നതാണ് നെതന്യാഹു ഈ സംഭവത്തെ ഓർമ്മിപ്പിക്കാൻ കാരണം.

ഐസിസിയുടെ നടപടി തെറ്റിപോയെന്നു പറഞ്ഞ നെതന്യാഹു നിരവധി തവണ ഒഴിഞ്ഞുപോകാനും അപകടത്തിൽ നിന്ന് മാറിനിൽക്കാനും ഗാസയിലെ ജനങ്ങൾക്ക് ഞങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടും ഹമാസ് അവരെയെല്ലാം അപകടമുനമ്പിൽ നിർത്തി കൊലയ്ക്ക് കൊടുക്കുകയായിരുന്നുവെന്നും പലരെയും മനുഷ്യ കവചങ്ങളാക്കി ക്രൂരതയാണ് കാട്ടിയതെന്നും പറഞ്ഞു. ഗാസയിലെ ജനങ്ങൾക്ക് ഇസ്രായേൽ ഭക്ഷണവും വെള്ളവും മറ്റും നിഷേധിച്ചുവെന്ന ഐസിസിയുടെ ആരോപണത്തിനും നെതന്യാഹു മറുപടി നൽകി. ഇസ്രയേൽ 700,000 ടൺ ഭക്ഷണമാണ് ഇക്കാലയളവിൽ ഗാസയിൽ എത്തിച്ചതെന്നും, ഇത്തരത്തിൽ ഭക്ഷണം കൊണ്ടുവരുന്നവരെ കൊള്ളയടിക്കുന്നത് ഹമാസ് ആണെന്നും നെതന്യാഹു പറഞ്ഞു. ഇസ്രയേലിനെതിരെ ഹമാസാണ് ആദ്യം ആക്രമണം തുടങ്ങിയതെന്നും, തങ്ങൾ ഒരു പ്രകോപനവും ഉണ്ടാക്കിയില്ല എന്നും നെതന്യാഹു വീഡിയോയിലൂടെ പറഞ്ഞു.

ലോകത്ത് മറ്റിടങ്ങളിൽ നടക്കുന്ന യുദ്ധകുറ്റങ്ങൾക്കെതിരെ കണ്ണടയ്ക്കുന്ന ഐസിസി നടപടിയെയും നെതന്യാഹു വിമർശിച്ചു. സിറിയ, യെമൻ, ഇറാൻ ഇനീ രാജ്യങ്ങളെ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. ‘ഞങ്ങളുടെ സ്ത്രീകളെ ഹമാസ് ബലാത്സംഗം ചെയ്യുമ്പോളും, പുരുഷന്മാരുടെ തലയറുക്കുമ്പോളും, നൂറുകണക്കിന് കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോകുമ്പോളും നിങ്ങൾ എവിടെയായിരുന്നു?’ എന്ന് നെതന്യാഹു ചോദിച്ചു. കോടതി നടപടികളിലും, അതിന് പിന്തുണയുന്നവർക്കെതിരെയും, ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകി.

ഗാസയിൽ സ്ത്രീകളും കുട്ടികളുമടക്കം നാൽപതിനായിരത്തിലേറെ ​പേരെ കൂട്ട​ക്കൊല നടത്തിയതിനും ആശുപത്രികളടക്കം തകർത്തതിനുമാണ് യുദ്ധക്കുറ്റം ചുമത്തി നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യൊആവ് ഗാലൻറിനും ഐസിസി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഐസിസി പ്രീ-ട്രയൽ ചേംബർ (ഒന്ന്) ലെ മൂന്ന് ജഡ്ജിമാർ ഏകകണ്ഠമായാണ് ഇവർക്കെതി​രെ വാറന്റ് പുറപ്പെടുവിച്ചത്. ഹമാസ് നേതാവ് മുഹമ്മദ് ദയീഫിന് എതിരെയും കോടതിയുടെ വാറന്റുണ്ട്. എന്നാൽ, ഇയാളെ കൊലപ്പെടുത്തിയതായി ഇസ്രായേൽ അവകാശപ്പെട്ടിരുന്നു. ഇസ്രായേലും അമേരിക്കയും ഐസിസിയിൽ അം​ഗത്വമെടുക്കാത്തതിനാൽ ഉത്തരവ് നടപ്പാക്കുന്നതിന് പ്രായോഗിക പരിമിതിയുണ്ടായേക്കും.

അതിനിടെ ഗാസയിലും ലബനനിലും ഇസ്രയേൽ ആക്രമണം തുടരുകയാണ്. 13 മാസം പിന്നിട്ട ഇസ്രയേലിന്റെ ഗാസ ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 44,056 ആണ്. ലബനനിൽ 2023 ഒക്ടോബർ 23 -നു ശേഷം ഇസ്രയേലിന്റെ ആക്രമണങ്ങളിൽ 3583 പേർ കൊല്ലപ്പെടുകയും 15,244 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ലബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Top Selling AD Space

You may also like

Copyright @2024 – All Right Reserved. 

error: Content is protected !!