ഈ വർഷം ഇതുവരെ സൗദി അറേബ്യയിൽ വധിക്കപ്പെട്ടത് 101 വിദേശ പൗരന്മാരെന്ന് റിപ്പോർട്ട്. 2023-ലും 2022-ലും വധശിക്ഷ ലഭിച്ചവരേക്കാൾ മൂന്നിരട്ടി വിദേശികൾ ഇക്കൊല്ലം തൂക്കിലേറ്റപ്പെട്ടു. കഴിഞ്ഞ രണ്ട് വർഷവും 34 വിദേശ പൗരന്മാരെ വീതമായിരുന്നു തൂക്കിലേറ്റിയത്. സൗദിയിൽ ഇക്കൊല്ലം തൂക്കിലേറ്റപ്പെട്ടവരുടെ ആകെ എണ്ണം 274 ആണ്.
ഇതാദ്യമായാണ് സൗദിയിൽ 100ലധികം വിദേശികളെ തൂക്കിക്കൊല്ലുന്നതെന്ന് ബെർലിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂറോപ്യൻ-സൗദി ഓർഗനൈസേഷൻ ഫോർ ഹ്യൂമൻ റൈറ്റ്‌സ് (ESOHR) ലീഗൽ ഡയറക്ടർ താഹ അൽ ഹാജി പറഞ്ഞു. ആംനസ്റ്റി ഇൻ്റർനാഷണലിന്റെ കണക്കനുസരിച്ച്, ചൈനയ്‌ക്കും ഇറാനും ശേഷം ലോകത്തിൽ ഏറ്റവും കൂടുതൽ തടവുകാരെ തൂക്കിലേറ്റുന്നത് സൗദി അറേബ്യയാണ്.
ഈ വർഷം വധശിക്ഷയ്‌ക്ക് വിധേയരായ വിദേശികളിൽ 21 പേർ പാക്കിസ്ഥാനികളും 20 പേർ യെമൻ സ്വദേശികളുമാണ്. സിറിയയിൽ നിന്ന് 14, നൈജീരിയയിൽ നിന്ന് 10, ഈജിപ്തിൽ നിന്ന് ഒമ്പത്, ജോർദാനിൽ നിന്ന് എട്ട്, എത്യോപ്യയിൽ നിന്ന് ഏഴ് എന്നിങ്ങനെയാണ് കണക്ക്. സുഡാൻ, ഇന്ത്യ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് മൂന്ന് പേർ വീതവും ശ്രീലങ്ക, എറിത്രിയ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരും ഉണ്ടായിരുന്നു.