പാലക്കാട് : ബിജെപി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് വാര്യര്‍ കോൺഗ്രസിൽ ചേർന്നു. കെപിസിസി വിളിച്ച വാർത്താ സമ്മേളനത്തിൽ സന്ദീപ് എത്തി. പാലക്കാട് കോൺഗ്രസ് ഓഫീസിൽ നടന്ന ചടങ്ങിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഷാൾ അണിയിച്ച് സന്ദീപ് വാര്യരെ സ്വീകരിച്ചു. പാലക്കാട് തെരഞ്ഞെടുപ്പ് അന്തിമ ഘട്ടത്തിലേക്ക് നീങ്ങവേയാണ് അപ്രതീക്ഷിത നീക്കം. ബി ജെ പിയിൽ നിന്ന് നേരിട്ട അവഗണനയാണ് സന്ദീപിനെ കോൺഗ്രസിൽ എത്തിച്ചത്. ഉപതെരഞ്ഞെടുപ്പിന്റെ നിർണ്ണായകഘട്ടത്തിൽ നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച സന്ദീപ് വാര്യർ കടുത്ത പ്രതിസന്ധിയാണ് ഈ നീക്കത്തിലൂടെ ബിജെപിക്കുണ്ടാക്കിയിരിക്കുന്നത്.
രണ്ടാഴ്ചയോളം നീണ്ടു നിന്ന ചര്‍ച്ചക്ക് ഒടുവിൽ ഇന്നലെ രാത്രി എഐസിസിയും സന്ദീപിന്റെ കോൺഗ്രസ് പ്രവേശനത്തിന് അനുമതി നൽകിയതോടെയാണ് നിര്‍ണായക പ്രഖ്യാപനം. നേരത്തെ ബിജെപിയുമായി ഇടഞ്ഞ സന്ദീപ് വാര്യര്‍ സിപിഎമ്മുമായും സിപിഐയുമായുമടക്കം ചര്‍ച്ച നടത്തിയിരുന്നു എന്ന് വാർത്തകൾ വന്നിരുന്നു.
കഴിഞ്ഞ കുറെ നാളുകളായി ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു സന്ദീപ് വാര്യര്‍. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സി കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വേദിയില്‍ ഇരിപ്പിടം നല്‍കാതിരുന്നതിനെ തുടര്‍ന്ന് ഇറങ്ങിപ്പോയതോടെയാണ് സന്ദീപ് വാര്യര്‍ ബിജെപി വിടുന്നു എന്ന തരത്തില്‍ അഭ്യൂഹം ശക്തമായത്. തന്റെ വിഷമങ്ങള്‍ അറിയിച്ചപ്പോള്‍ അത് കണക്കിലെടുക്കാന്‍ പോലും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ തയ്യാറായില്ലെന്നും സന്ദീപ് വാര്യര്‍ തുറന്നടിച്ചു. താന്‍ മാനസികമായി വല്ലാതെ വിഷമിച്ച ഘട്ടത്തില്‍ പോലും പാര്‍ട്ടിയിലെ ഒരു നേതാവ് പോലും വിളിക്കുകയോ ആശ്വസിപ്പിക്കുകയോ ചെയ്തില്ല എന്നും സന്ദീപ് പറഞ്ഞിരുന്നു.