ദമാസ്കസ്: സിറിയൻ തലസ്ഥാന നഗരമായ ദമാസ്‌കസിൽ ഇസ്രായേൽ ആക്രമണം. വ്യോമാക്രമണത്തിൽ പതിനഞ്ച് പേർ കൊല്ലപ്പെട്ടുവെന്നും 16 പേർക്ക് പരിക്കേറ്റുവെന്നാണ് സിറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സൈനിക കേന്ദ്രങ്ങളും പലസ്തീൻ ഭീകര സംഘടന ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പിന്റെ ആസ്ഥാനവും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രായേൽ അറിയിച്ചു.
സിറിയൻ തലസ്ഥാന നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള മസ്സെഹ്, ഖുദ്‌സയ എന്നീ ജനവാസ മേഖലകളുടെ പ്രാന്തപ്രദേശങ്ങളിലാണ് ഈ ആക്രമണം ഉണ്ടായതെന്നാണ് സിറിയൻ സൈന്യത്തെ ഉദ്ധരിച്ച് മാധ്യമങ്ങൾ അറിയിക്കുന്നത്. ലെബനനിലെ ഹിസ്ബുള്ള സായുധ സംഘത്തിന്റെ ചില കമാൻഡർമാരും സിറിയ ആസ്ഥാനമായുള്ള ഇറാന്റെ റെവല്യൂഷണറി ഗാർഡുകളും മസ്സെഹിലാണ് തമ്പടിച്ചിരിക്കുന്നതെന്ന് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. ഇവിടുത്തെ വലിയ കെട്ടിടങ്ങളും സൗകര്യവുമാണ് കൂടുതൽ നേതാക്കളെയും കമാൻഡർമാരെയും പാർപ്പിക്കാൻ സഹായിക്കുന്നത്. ഇവിടെയാണ് ഇപ്പോൾ ഇസ്രായേൽ ലക്ഷ്യമിട്ടിരിക്കുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ചയും ഇസ്രായേൽ ദമാസ്കസിൽ ആക്രമണം നടത്തിയിരുന്നു. അന്ന് സയീദ സൈനബ് ജില്ലയിലുള്ള കെട്ടിടത്തിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ലെബനനും സിറിയയ്ക്കും ഇടയിലുള്ള ചില റൂട്ടുകൾ ആക്രമിച്ചതായി ഇസ്രായേൽ അറിയിച്ചിരുന്നു. ഈ റൂട്ടുകളിലൂടെ ഹിസ്ബുള്ളയ്ക്ക് ആയുധങ്ങൾ കൈമാറ്റം നടന്നതായും അവർ ആരോപിക്കുന്നു. പടിഞ്ഞാറൻ സിറിയയിലെ ഹോംസ് ഗ്രാമപ്രദേശത്തുള്ള ഖുസൈർ ഏരിയയിലെ സിറിയ-ലെബനൻ അതിർത്തിയിലെ പാലങ്ങളാണ് ഇസ്രായേൽ ലക്ഷ്യമിട്ടത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സിറിയയിലെ ഇറാനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾക്കെതിരെ ഇസ്രായേൽ ആക്രമണം നടത്തി വരുന്നുണ്ട്.
ലബനനിലെ കിഴക്കൻ ബാൽബെക്ക് മേഖലയിലെ പ്രധാന സിവിൽ ഡിഫൻസ് കേന്ദ്രം ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. 27 പേരെ ഗുരുതര പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ടവരുടെ ശരീരഭാഗങ്ങൾ വീണ്ടെടുക്കുകയും രക്ഷാപ്രവർത്തനം തുടരുകയും ചെയ്യുന്നതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.