“ആ വെറക് എന്ത്യേ തേക്കും കാട്ടീക്കാരേ “
വർഷങ്ങൾക്കു മുൻപ് പുലർച്ചെ കേട്ടിരുന്ന ഒരു വിളിയാണിത്. വീടിനു തൊട്ടു മുകളിലെ അമ്പലത്തിൽ നിന്ന് കുഞ്ഞൻ തിരുമേനി വിളിക്കുന്നതാണ്. നിറയെ തേക്കു മരങ്ങൾ പടർന്നു പന്തലിച്ചു നിന്ന ഒരിടം ആയതിനാലാകും ഈ പേര് വീണത്. ആ പറമ്പിൽ വാങ്ങിയ 13 സെന്റിലാണ് എന്റെയും വീടിരിക്കുന്നത്. അന്നൊക്കെ തിരുമേനി ചോദിക്കുമ്പോഴേ അടുത്ത വീട്ടിൽ നിന്ന് ആരെങ്കിലും ഒരു കെട്ടു വിറകുമായി ഓടി വരും. വിറകെടുത്ത് തിരുമേനി അകത്തേക്ക് പോകും.
1982 സെപ്റ്റംബർ 11-നാണ് കല്യാണം കഴിഞ്ഞ ദിവസം ഞാൻ വലതു കാൽ വെച്ച് ഈ വീട്ടിൽ വിളക്കുമായി കയറിയതും വിറകടുപ്പിൽ കൊതുമ്പു തീയിൽ പാൽ കാച്ചിയതും..
“നല്ലത് പോലെ പഠിക്കുന്ന പെണ്ണാണ്.. 19 വയസ്സിൽ പോയി കല്യാണം കഴിച്ചു.. ഒരാഴ്ച കഴിഞ്ഞു പഠിക്കാൻ പോയ്‌ക്കൊള്ളണം” എന്ന് ആരൊക്കെയോ കർശനമായി പറഞ്ഞിരുന്നു. മണവാളൻ ആദ്യം ചെയ്ത കാര്യം ഒരു വലിയ ലോറി നിറയെ വിറക് അമ്പലപ്പറമ്പിൽ കൊണ്ടു വന്നിറക്കി തന്ന സാഹസമായിരുന്നു. കഞ്ഞി വാർത്തതും മത്തി വറുത്തതും പിന്നെ എന്റെ ജീവിതത്തിലെയും സാഹസിക സംഭവങ്ങളായി മാറി.
പുസ്തകങ്ങളും അക്ഷരങ്ങളും വായനയും അലമാരയിൽ കയറി തപസ്സിരുന്നു. തീയിലേക്ക് ഊതിയും, ചാരം വാരിയും നടന്ന് ഒന്നര വർഷം കഴിഞ്ഞൊരു മോൻ പിറന്നു. വെളുത്തു തുടുത്ത കുഞ്ഞനെയും കൊണ്ടു വന്നപ്പോൾ അടുക്കളയിൽ ഒരു കടും ചുവപ്പ് ഗ്യാസ് കുറ്റി. സ്റ്റീൽ അടുപ്പ്, എല്ലായിടത്തും വെള്ളത്തിനായി ടാപ്പുകൾ. പോരാഞ്ഞു സ്ഥിരം ലീല എന്ന് പേരുള്ള ഒരു പണിക്കാരിയും.
പോരേ.. ജീവിതം സുന്ദരം സുരഭിലം. പിന്നെ മോനെ പരിപാലിച്ചു നടന്ന ഞാൻ വിറകടുപ്പിലേക്കു ഊതിയിട്ടേയില്ല. അവൻ ലീലയുടെ ഒക്കത്തിരിക്കുന്ന സമയത്തു ഞാൻ തനിയെ കുത്തിയിരുന്നു പഠിച്ച് ഒരു ബി. എ മലയാളം നേടി. (മകനേ.. നന്ദി.. ഇപ്പോൾ ആ യുദ്ധ ഭൂമിയിൽ നീ എന്തെടുക്കുന്നു?)
ഇപ്പോൾ അടുക്കളയിലെ ഗ്യാസ് കുറ്റിക്കു നല്ല കനം ഉണ്ടെങ്കിലും വിറക് എന്ന പദം ഇടയ്ക്കിടെ മനസ്സിലേക്ക് കടന്ന് വരുന്നുണ്ട്. ജീവിതം നെഞ്ചിനകത്തു എരിയിക്കുന്ന കനലിൽ കഞ്ഞിയും കറിയും വെക്കാനാകില്ലല്ലോ. ഇൻഡക്ഷൻ കറന്റ് തിന്നായാലും ഭക്ഷണം ഉണ്ടാക്കിത്തരും. അല്ലെങ്കിലും കനൽ വഴികളിലൂടെ തനിയെ നടക്കുന്നവൾക്ക് തീയെ ഭയക്കേണ്ട കാര്യമില്ലല്ലോ. ചാരമാകും വരെ ചിറകു വിടർത്തി പറക്കണമല്ലോ.
പി.സീമ


