ഇന്നലെയും കൂടിയോർത്തു
എങ്ങോട്ടെങ്കിലും പോയാലോന്ന്
എവിടേക്കും പോകാനാവാത്തത്ര
കുടിലമാണ്
പെട്ടുനിൽക്കുന്നയിടങ്ങൾ
നാലഞ്ചു പേരുടെ ഇഷ്ടങ്ങൾ
സാധിച്ചെടുക്കാൻ
നിലകൊള്ളുമ്പോൾ
സ്വന്തം വിചാരങ്ങൾ
നിലത്ത് കിടന്ന് നിലവിളിയാണ്
ഉടുപ്പിന്റെ തുമ്പത്ത് വലിച്ചു വലിച്ചത് കരയുന്നു..
ആഗ്രഹമുണ്ട്,
പടങ്ങളിൽ കണ്ടിട്ടുള്ള
അന്നമ്മ കൊട്ടുകാപ്പള്ളിയെപ്പോലെ
ഇറുക്കെ മുടി ശേലായിക്കെട്ടി
പൂവുകൾ പൂത്തുനിൽക്കുന്ന
പിന്നുകൾ ചൂടി
മുഖത്തൊരെളിമയുള്ള
മേയ്ക്കപ്പോടേ
ഊറിനിൽക്കുന്ന പുഞ്ചിരിയുമായൊരു –
കുലീന ലുക്കിൽ
നിൽക്കാൻ…
സാരിത്തുമ്പ്
വലംകൈയാൽ
തെരുപ്പിടിച്ച്
ആഡംബരമുള്ളൊരു
നടപ്പ്
എന്റെയും
സ്വപ്നമാണ് ;
നാലഞ്ചുപേരുടെ
വേറിട്ട പദ്ധതികൾക്കെല്ലാം കുടപിടിച്ച്
കിനാവുകളെ
മാറ്റിമാറ്റി വച്ച്
ഉൾപ്പൊരിച്ചിലുകളെയടക്കി
ഒന്നിനുമൊരുൾക്കാഴ്ചയുമില്ലെന്ന
പഴികൾ കേട്ട് …
അമ്മയോടൊപ്പമായിരുന്ന
സമയത്ത്
ഞാനുമിതൊന്നും
ഓർത്തതില്ല..
വഴികൾ നീണ്ടുകിടക്കുന്നു
പൊയ്ക്കൂടേയെന്ന ചോദ്യവുമായി
ഉൾക്കാഴ്ചയില്ലാത്ത
അന്ധതയുമായി
ഞാനും…
ആൻസി സാജൻ