കോവിഡ് മഹാമാരിക്ക് പിന്നാലെ ചൈനയിൽ ഹ്യുമൺ മെറ്റന്യൂമോ വൈറസ് (HMPV) വ്യാപനമെന്ന് വാർത്ത ലോകം ആശങ്കയോടെയാണ് കാണുന്നത്. എന്നാൽ ഹ്യുമൺ മെറ്റന്യൂമോ വൈറസിനെ ഭയക്കേണ്ടതില്ലെന്ന് ഐസിഎംആർ ശാസ്ത്രജ്ഞൻ ഡോ. രാമൻ ഗംഗാഖേദ്കർ പറഞ്ഞു. ജനിതകമാറ്റം സംഭവിച്ചിച്ചെങ്കിൽ പേടിക്കേണ്ട കാര്യമില്ല. 20 വർഷമായി ഈ വൈറസ് നമുക്കിടയിലുണ്ട്. ശൈത്യകാലത്താണ് ഇതിന്റെ വ്യാപനമുണ്ടാകുന്നത്. സാധാരണ വൈറൽ പനി, ജലദോഷം, ചുമ എന്നീ ലക്ഷണങ്ങളോടെ 2 മുതൽ 5 ദിവസത്തിനുള്ളിൽ ഇത് സ്വയം അപ്രത്യക്ഷമാകും. 5 വയസ്സിന് താഴെയുള്ള കുട്ടികളെയും വയോധികരെയുമാണ് ഇത് കൂടുതൽ ബാധിക്കുന്നത്. രോഗം ബാധിച്ച് വ്യക്തിയുമായി സമ്പർക്കം, മലിനമായ പ്രതലങ്ങളിലെ സ്പർശനം എന്നിവയുടെയാണ് വൈറസ് പകരുന്നത്. ചെറിയ ശതമാനത്തിന് (5-16 ശതമാനം) ന്യുമോണിയായി മാറാൻ സാധ്യതയുണ്ട്.
ഇന്ത്യൻ ജനസംഖ്യയുടെ 4 മുതൽ 15 ശതമാനം വരെ ആളുകളിൽ എച്ച്എംപിവിക്കെതിരെ ആൻ്റിബോഡികൾ ഉണ്ട്. അതിനാൽ നിലവിൽ ആശങ്കയ്‌ക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നേരിയ അണുബാധയായതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട ആവശ്യമില്ലെന്നും മരണനിരക്ക് തീരെ കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.