മുന്നണി വിപുലീകരണത്തിന്റെ ഭാഗമായി ആർജെഡിയെയും കേരള കോൺഗ്രസിനും എമ്മിനെയും തിരിച്ചെത്തിക്കാൻ യുഡിഎഫിൽ നീക്കം. കേരള കോൺഗ്രസ് എം നേതൃത്വവുമായി അനൗപചാരിക ചർച്ച നടത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മുസ്ലിം ലീഗാണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. കേരള കോൺഗ്രസ് എമ്മിന് തിരുവമ്പാടി സീറ്റ് വാഗ്ദാനം ചെയ്തതായാണ് സൂചന. കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിൽ തിരിച്ചെത്തിക്കാനുള്ള നീക്കങ്ങൾക്ക് രമേശ് ചെന്നിത്തലയും മുൻകൈ എടുക്കും. വിഷയം ചർച്ച ചെയ്യാൻ രമേശ് ചെന്നിത്തല കേരള കോൺഗ്രസ് എം നേതാക്കളെ കണ്ടേക്കും. യുഡിഎഫ് അനുകൂല അന്തരീക്ഷം രൂപപ്പെട്ടാൽ കേരള കോൺഗ്രസും(എം) മടങ്ങിയെത്തുമെന്ന കണക്കുകൂട്ടലാണു കോൺഗ്രസിന്.
ആർജെഡിയെ തിരിച്ചെത്തിക്കാൻ നീക്കം സജീവമാണ്. ആർജെഡി മടങ്ങിയെത്തിയാൽ അതു കേരള കോൺഗ്രസ് (എം) -നും പ്രേരണയാകുമെന്നു കോൺഗ്രസ് കണക്കുകൂട്ടുന്നു. എൽഡിഎഫിലെ അവഗണനയിൽ ആർജെഡിക്കു കടുത്ത അമർഷമുണ്ട്. യുഡിഎഫിലായിരിക്കെ മത്സരിക്കാൻ 7 നിയമസഭാ സീറ്റ് ലഭിച്ചിരുന്നു. ഒപ്പം ഒരു ലോക്സഭാ സീറ്റും രാജ്യസഭാ സീറ്റും കിട്ടി. കൂടുതൽ പ്രതീക്ഷകളോടെ എൽഡിഎഫിലെത്തിയ പാർട്ടിക്ക് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 3 സീറ്റാണു മത്സരിക്കാൻ ലഭിച്ചത്. എം.പി.വീരേന്ദ്രകുമാറിനു യുഡിഎഫ് അനുവദിച്ച രാജ്യസഭാ സീറ്റ് തുടർന്ന് എം.വി.ശ്രേയാംസ്കുമാറിന് എൽഡിഎഫിൽ കിട്ടിയെങ്കിലും ആ കാലാവധി പൂർത്തിയാക്കിയശേഷം ലഭിച്ചില്ല. ആർജെഡിയുടെ മനസ്സറിയാനുള്ള അനൗപചാരിക ചർച്ചകൾ കോൺഗ്രസ് നടത്തുന്നുണ്ട്.
മുന്നണി വിപുലീകരണം ആസൂത്രിതമായി ചെയ്യുന്നതല്ലെങ്കിലും യുഡിഎഫ് വാതിൽ അടച്ചിട്ടില്ലെന്നു മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുന്നണി വിപുലീകരണം യാദൃച്ഛികമായി സംഭവിക്കുന്നതാണ്. ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ അതിന്റെ മെറിറ്റ് നോക്കി ഗൗരവമായെടുക്കും എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.