സ്മാര്‍ട്ട് സിറ്റിയുമായി ബന്ധപ്പട്ടു വരുന്ന ആരോപണങ്ങൾ ഊഹാപോഹങ്ങളാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നഷ്ടപരിഹാരം കൊടുത്തു പറഞ്ഞു വിടുക എന്നതല്ല സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പിന്മാറ്റനയം തയ്യാറാക്കുന്നതിനായി ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ഭാവിയില്‍ എന്തു ചെയ്യാന്‍ കഴിയുമെന്നതൊക്കെ ചര്‍ച്ചചെയ്യാനിരിക്കുന്നതേയുള്ളു. ഇക്കാര്യങ്ങള്‍ കമ്മിറ്റി പരിശോാധിച്ച് വരികയാണ്. സ്മാര്‍ട്ട് സിറ്റിയില്‍ ടീകോം വാങ്ങിയ ഓഹരിയുടെ വിലയാണ് മടക്കി നല്‍കേണ്ടി വരുന്നത്. ഇതുതന്നെ ഇന്‍ഡിപന്‍ഡന്‍റ് ഇവാല്യൂവേറ്റര്‍ തീരുമാനിക്കുന്നതാണ്. ഇത് നഷ്ടപരിഹാരമല്ല. ദുബായ് ഹോള്‍ഡിങ്ങ്സ് 2017 ല്‍ ദുബായ്ക്കു പുറത്തുള്ള ഓപ്പറേഷന്‍സ് നിര്‍ത്തുന്നതായി തീരുമാനം കൈക്കൊണ്ടതിന്‍റെ കൂടി ഫലമായാണ് നിലവില്‍ ഈയൊരു സാഹചര്യം സ്മാര്‍ട്ട് സിറ്റിക്ക് ഉണ്ടായത്. ഇതെല്ലാം കമ്മിറ്റി കണക്കിലെടുക്കും. 246 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് നല്‍കിയാണ് സ്മാര്‍ട്ട് സിറ്റി എസ്പിവി രൂപവത്കരിച്ചത്. ഈ 246 ഏക്കര്‍ ഭൂമി കേരളത്തിന്‍റെ ഐടി വികസനത്തിന് ഫലപ്രദമായി ഉപയോഗിക്കാനാവും. പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ തന്നെയാകും തുടര്‍ന്നുള്ള വികസനം. ഇന്‍ഫോപാര്‍ക്കിന് തൊട്ടടുത്തുള്ള 246 ഏക്കര്‍ ഭൂമിയിലൂടെ കേരളത്തിന്‍റെ ഐ ടി വികസനം കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കാന്‍ കഴിയും. കൂടുതല്‍ കമ്പനികള്‍ സംസ്ഥാനത്തേക്ക് വരും എന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്മാര്‍ട്ട് സിറ്റിയുടെ പ്രശ്നങ്ങളെകുറിച്ചും മുന്നോട്ടുപോക്ക് എങ്ങനെ ആവണം എന്നതിനെ സംബന്ധിച്ചും പഠിച്ച് വ്യക്തമായ ശുപാര്‍ശ സമര്‍പ്പിക്കുന്നതിന് ചീഫ് സെക്രട്ടറി തലത്തില്‍ ധന, റവന്യൂ നിയമ, ഇ&ഐ.ടി സെക്രട്ടറിമാര്‍ ഉള്‍പ്പെടുന്ന ഒരു കമ്മിറ്റി രൂപീകരിക്കാനും അഡ്വക്കേറ്റ് ജനറലിന്‍റെ അഭിപ്രായം കണക്കിലെടുത്ത് വേണ്ട നടപടി സ്വീകരിക്കാനുമാണ് തീരുമാനമായത്. പദ്ധതി വിജയകരമായി പൂര്‍ത്തീകരിച്ചില്ലെങ്കില്‍ ടീകോമിന് തുക നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയില്ലായെന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്. ടീകോമിന് നഷ്ടപരിഹാരമല്ല നല്‍കുന്നതെന്ന് ഇവിടെ അടിവരയിട്ടു സൂചിപ്പിക്കുകയാണ്. സ്മാര്‍ട്ട് സിറ്റിയില്‍ ടീകോം നടത്തിയ നിക്ഷേപത്തിന് സ്വതന്ത്ര വിലയിരുത്തല്‍ പ്രകാരം മൂല്യനിര്‍ണയം നടത്തുകയും മടക്കിനല്‍കാന്‍ കഴിയുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ വഴി തീരുമാനമെടുക്കുകയും ചെയ്യും. ഇതാണ് ചെയ്യുന്നത്.
ആര്‍ബിട്രേഷന്‍ നടപടികളും നിയമത്തിന്‍റെ നൂലാമാലകളും ഒഴിവാക്കി എത്രയും വേഗം ഭൂമിയേറ്റെടുത്ത് ഐടി വികസനത്തിന് ഫലപ്രദമായി വിനിയോഗിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആര്‍ബിട്രേഷനിലേക്ക് പോയാല്‍ വര്‍ഷങ്ങളുടെ കാലതാമസമുണ്ടാകുന്നത് സംസ്ഥാനത്തിന്‍റെ ഐടി വികസനത്തിന് ഹാനികരമാകും. കേരളത്തിന്‍റെ ഐടി വികസനത്തിന് ഉതകുംവിധത്തില്‍ ഈ ഭൂമി എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്താമെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആയിരക്കണക്കിനു പേര്‍ക്ക് തൊഴില്‍ നല്‍കുവാന്‍ സാധിക്കുകയും ചെയ്യും എന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരുമായും ചര്‍ച്ച ചെയ്യാതെ സ്മാര്‍ട് സിറ്റി പദ്ധതി അവസാനിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത് വിചിത്രമായ നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചിരുന്നു. 2016 ഫെബ്രുവരി 20-ന് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സ്മാര്‍ട്ട് സിറ്റിയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്യപ്പെട്ടതാണ്. അഞ്ച് വര്‍ഷം കൊണ്ടാണ് ആറര ലക്ഷം സ്‌ക്വയര്‍ ഫീറ്റ് ഐ.ടി ടവര്‍ നിര്‍മ്മിച്ച് ഉദ്ഘാടനം ചെയ്തത്. അതിനു ശേഷം കഴിഞ്ഞ എട്ടു വര്‍ഷവും സര്‍ക്കാര്‍ അവിടെ എന്താണ് ചെയ്തത്. അവിടെ എന്താണ് നടക്കുന്നതെന്ന് മുഖ്യമന്ത്രിയോ വ്യവസായ മന്ത്രിയോ അന്വേഷിച്ചോയെന്നും അദ്ദേഹം ചോദിച്ചു. എട്ടു വര്‍ഷത്തിനു ശേഷം ടീകോമിന് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നില്‍ ദുരൂഹതകളുണ്ട്. ഭൂമി കച്ചവടമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. പദ്ധതി എന്തുകൊണ്ടാണ് പരാജയപ്പെട്ടെന്ന് കേരളത്തിലെ ജനങ്ങളോട് പറയാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി സ്മാർട് സിറ്റി പദ്ധതിക്ക് പിന്നിൽ നടന്ന ഇടപാടുകളെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ ആവശ്യപ്പെട്ടിരുന്നു. റിയല്‍ എസ്റ്റേറ്റ് കമ്പനിയെ ഐടി പാര്‍ക്ക് തുടങ്ങാന്‍ ക്ഷണിച്ച യുഡിഎഫിൽ തുടങ്ങി കരാർ പാലിക്കാത്തവർക്ക് നഷ്ടപരിഹാരം കൊടുക്കാനുള്ള എൽഡിഎഫ് തീരുമാനം വരെ വലിയ ജനവഞ്ചനയും അഴിമതിയുമാണെന്ന് അദ്ദേഹം ആരോപിച്ചു. 2011ൽ തുടങ്ങി 2021ൽ പൂർത്തിയാക്കേണ്ട പദ്ധതിയിൽ കാര്യമായ ഒരു പുരോഗതിയും ഇല്ലാതിരുന്നിട്ടും ആരും ഇടപെട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.
സ്മാർട്ട് സിറ്റി പദ്ധതിയിൽ ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനത്തിനെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചിരുന്നു. പാട്ടക്കരാർ വ്യവസ്ഥകൾ മുഴുവൻ ടീകോം ലംഘിച്ചെന്ന് അദ്ദേഹം പറഞ്ഞു. ടീകോം വ്യവസ്ഥകൾ ലംഘിച്ച സാഹചര്യത്തിൽ അടിയന്തരമായി സർക്കാർ ആ ഭൂമി ഏറ്റെടുക്കണം. ടീകോമുമായി സർക്കാർ ഉണ്ടാക്കിയ കരാറിൽ വ്യവസ്ഥകൾ ലംഘിച്ചാൽ ആ കരാർ മുഴുവനായും റദ്ദാക്കാനും അസറ്റുകൾ തിരിച്ചുപിടിക്കാനുമുള്ള അവകാശമുണ്ട്. സ്മാർട്ട് സിറ്റി പദ്ധതിയിൽ ടീകോമിനെ സംരക്ഷിക്കാനുള്ള നടപടിയാണ് മന്ത്രി രാജീവിന്റെ ഭാഗത്ത് നിന്നുണ്ടായത് എന്ന് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. കരാർ ലംഘനത്തിൽ കമ്പനിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.