ഡമാസ്‌കസ്: സിറിയൻ നഗരമായ അലപ്പോയിൽ പ്രസിഡന്റ് ബഷാർ അൽ അസാദിനെ എതിർക്കുന്ന വിമത വിഭാഗവും സൈന്യവുമായി ഏറ്റുമുട്ടൽ. 2016-ന് ശേഷം ഇതാദ്യമായാണ് അലപ്പോയിൽ ഇത്ര ശക്തമായ പ്രതിപക്ഷ മുന്നേറ്റം ഉണ്ടാകുന്നത്. അലപ്പോ വിമാനത്താവളം അടച്ചിട്ടു, ശനിയാഴ്ചത്തെ എല്ലാ വിമാനങ്ങളും റദ്ദാക്കി. തീവ്രവാദി സംഘടനയായ ഹയാത്ത് തഹ്‌രീർ അൽ-ഷാമിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പോരാളികൾ എട്ടു വർഷത്തിനു ശേഷമാണ് അലപ്പോയിൽ പ്രവേശിക്കുന്നത്. അലപ്പോയിൽ നിന്ന് പ്രദേശവാസികൾ മറ്റിടങ്ങളിലേക്ക് പലായനം ചെയ്യുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ആക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടതായി സിറിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. അലപ്പോയ്‌ക്കും ഇജ്ബിലിനും ഇടയിലുള്ള ഗ്രാമപ്രദേശങ്ങളിൽ ഡ്രോണുകളും ആയുധങ്ങളും ഉപയോഗിച്ച് സാധാരണക്കാരെ വിമതർ ആക്രമിച്ചുവെന്നും, ഇതിന് ശക്തമായ തിരിച്ചടി നൽകിയതായും സിറിയൻ സൈന്യം പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു. കലാപകാരികൾ 2019ലെ സമാധാന കരാർ ലംഘിക്കുകയാണെന്ന ആരോപണവും സിറിയൻ സൈന്യം ഉയർത്തിയിട്ടുണ്ട്.
ആക്രമണം സിറിയയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും, മേഖലയിൽ പഴയ ഭരണം പുനസ്ഥാപിക്കുന്നതിനെ പിന്തുണയ്‌ക്കുമെന്നും റഷ്യ അറിയിച്ചിട്ടുണ്ട്.