ഡോണാൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്കുമുമ്പ് തിരിച്ചെത്താൻ വിഭ്യാർഥികളോട് ആവശ്യപ്പെട്ട് അമേരിക്കൻ സർവകലാശാലകൾ. അധികാരത്തിലേറുന്ന ജനുവരി 20-ന് തന്നെ കുടിയേറ്റവുമായി ബന്ധപ്പെട്ട ഉത്തരവിൽ ഡോണൾഡ് ട്രംപ് ഒപ്പുവയ്ക്കുമെന്ന റിപ്പോർട്ടുകൾ നിലനിൽക്കെയാണ് നിർദേശം. ട്രംപിന്റെ മുൻഭരണ കാലത്ത് ഏർപ്പെടുത്തിയ യാത്രാനിരോധനം മൂലമുണ്ടായ പ്രശ്നങ്ങളും ഇത്തരം നിർദേശം പുറപ്പെടുവിപ്പിക്കാൻ കാരണമായിട്ടുണ്ടെന്നാണ് വിവരം. ശൈത്യകാല അവധി കഴിയുന്നതിനു മുമ്പ് മടങ്ങണമെന്ന് മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും(എംഐടി) ഉൾപ്പടെ നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുട്ടികളോട് ആവശ്യപ്പെട്ടു എന്നാണ് റിപോർട്ടുകൾ പുറത്തു വരുന്നത്.
ഇന്റർനാഷണൽ എജ്യുക്കേഷണൽ എക്‌സ്‌ചേഞ്ചിന്റെ 2024-ലെ റിപ്പോർട്ട് പ്രകാരം യുഎസിൽ 1.1 ദശലക്ഷം വിദേശ വിദ്യാർഥികളാണുള്ളത്. ഒരു ദശാബ്ദത്തിനിടയിൽ ആദ്യമായി, യുഎസിലെ വിദേശ വിദ്യാർഥികളുടെ എണ്ണത്തിൽ ഇന്ത്യ ചൈനയെ മറികടന്നിരുന്നു. 3,31,602 ഇന്ത്യൻ വിദ്യാർഥികളാണ് യുഎസിലുള്ളത്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 23 ശതമാനം കൂടുതലാണ്. ഒരു യാത്രാ നിരോധനം നടപ്പിലാക്കിയാൽ അത് ആരെയൊക്കെ എങ്ങനെയൊക്കെ ബാധിക്കും എന്ന് നിശ്ചയം ഇല്ലാത്തതുകൊണ്ടാണ് സർവ്വകലാശാലകൾ ഇങ്ങനെ ഒരു നിർദേശത്തിലേക്കു പോയത് എന്നാണ് വിവരം.