ന്യൂഡൽഹി: നവംബർ 23-ന് ഫലപ്രഖ്യാപനം നടന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ എണ്ണിയ വോട്ടുകളും പോൾ ചെയ്ത വോട്ടുകളും തമ്മിൽ പൊരുത്തക്കേടെന്ന് ഓൺലൈൻ മാധ്യമമായ ‘ദ് വയറി’ന്റെ റിപ്പോർട്ട് തള്ളി തിരഞ്ഞെടുപ്പ് കമ്മിഷൻ. മഹാരാഷ്ട്രയില്‍ പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ട് എണ്ണിയെന്നാണ് ദി വയറിന്റെ റിപ്പോര്‍ട്ട്. ദ വയര്‍ പുറത്ത് വിട്ട റിപ്പോര്‍ട്ട് തെറ്റിദ്ധാരണാജനകമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. പുറത്ത് വിട്ടത് പോസ്റ്റല്‍ വോട്ടുകള്‍ കൂടാതെയുള്ള കണക്കുകളാണ്. ഇവിഎം വോട്ടുകളും പോസ്റ്റൽ വോട്ടുകളും വ്യത്യസ്തമായാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവിടുന്ന പോർട്ടലിൽ പ്രസിദ്ധീകരിക്കുന്നതെന്നും 5,38,225 പോസ്റ്റൽ വോട്ടുകൾ കണക്കാക്കാതെയുള്ള സംഖ്യയാണ് ഓൺലൈൻ മാധ്യമം പുറത്തുവിട്ടതെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരിച്ചു. ഇവ രണ്ടും കൂടി ചേരുമ്പോൾ ആകെ പോൾ ചെയ്ത വോട്ട് 6,46,26,420 ആകും. ഇങ്ങനെ വരുമ്പോൾ എണ്ണിയ വോട്ടുകൾ ആകെ പോൾ ചെയ്ത വോട്ടുകളേക്കാൾ കൂടുതലാകുന്നില്ല
നവംബര്‍ 23-ന് ഫലപ്രഖ്യാപനം നടന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ എണ്ണിയ വോട്ടുകളും പോള്‍ ചെയ്ത വോട്ടുകളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നായിരുന്നു ദി വയര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം ആകെ പോള്‍ ചെയ്ത വോട്ടുകള്‍ 64,088,195 ആയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 66.05 ശതമാനമായിരുന്നു അന്തിമ വോട്ടിംഗ് ശതമാനം എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയത്. ഫലപ്രഖ്യാപന ദിവസം ആകെ എണ്ണിയത് 64,592,508 വോട്ടുകളാണെന്നാണ് കണക്ക്. ഇങ്ങനെ വരുമ്പോള്‍ തിരഞ്ഞെടുപ്പ് ദിവസം പോള്‍ ചെയ്ത വോട്ടിനെക്കാള്‍ 504,313 അധികം വോട്ടുകള്‍ വോട്ടെണ്ണല്‍ ദിവസം എണ്ണിയെന്നാണ് ദി വയര്‍ വ്യക്തമാക്കിയത്. വ്യക്തത തേടി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ടെന്നും പ്രതികരിക്കുന്ന മുറയ്ക്ക് വിവരങ്ങൾ പങ്കുവെയ്ക്കുമെന്നും വയർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
288 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ, 152 മണ്ഡലങ്ങളിൽ മത്സരിച്ച ബിജെപി 132 സീറ്റുകൾ നേടിയിരുന്നു. തിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ ഇവിഎം അഴിമതി ആരോപിച്ച പ്രതിപക്ഷം രംഗത്തുവന്നിരുന്നു.
അതിനിടെ ബാലറ്റ് പേപ്പര്‍ വോട്ടെടുപ്പ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. ഡോ. കെ എ പോൾ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയാണ് സുപ്രീംകോടതി തള്ളിയത്. തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ഇവിഎമ്മില്‍ കൃത്രിമമില്ല, തോല്‍ക്കുമ്പോള്‍ കൃത്രിമമെന്ന് പറയുന്നത് എന്തിനാണെന്നും സുപ്രീംകോടതി ഹര്‍ജിക്കാരനെ പരിഹസിച്ചു. ഇവിഎമ്മിൽ കൃത്രിമം നടന്നുവെന്ന അവകാശവാദങ്ങൾ പൊരുത്തമില്ലാത്തതാണെന്നും ജസ്റ്റിസ് വിക്രം നാഥ് പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ സംവിധാനത്തോട് പരാതിയില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.