ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ യാത്രാ വാഹനങ്ങൾക്ക് നേരെ ആയുധധാരികൾ നടത്തിയ ആക്രമണക്കിൽ 45 പേർ കൊല്ലപ്പെട്ടു. ഇരുപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച ഖൈബർ പഖ്തൂൺ മേഖലയിലെ കുറം ജില്ലയിലാണ് സംഭവം. നിരവധി വാഹനങ്ങൾക്ക് നേരെ അക്രമികൾ വെടിയുതിർത്തു. ന്യൂനപക്ഷമായ ഷിയാ സമുദായത്തിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടവരിലേറെയും.
ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഔദ്യോഗികമായി ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ലെങ്കിലും നിരോധിത തെഹ്‌രീകെ താലിബാൻ പാക്കിസ്ഥാനാണ് (ടിടിപി) ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം. ആക്രമണത്തെ പാക്കിസ്ഥാൻ പ്രസിഡൻ്റ് ആസിഫ് അലി സർദാരി ശക്തമായി അപലപിച്ചു. ഭീരുത്വവും മനുഷ്യത്വരഹിതവുമായ പ്രവൃത്തിയെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. വിഭാഗീയ പ്രശ്നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ധാരാളം സുന്നികളും ഷിയ മുസ്ലീങ്ങളും സഹവസിക്കുന്ന ജില്ലയാണ് കുറം. ഇവിടെ കഴിഞ്ഞ ഏതാനും മാസങ്ങളായി ഇരുസമുദായങ്ങളും പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇരുവിഭാഗവും ഏറ്റുമുട്ടിയിരുന്നു. ഒക്ടോബറിൽ സമാനമായ അക്രമത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 16 പേർ കൊല്ലപ്പെട്ടിരുന്നു. സെപ്റ്റംബറിൽ ഷിയാ, സുന്നി ഗോത്രങ്ങൾ തമ്മിൽ ഭൂമി തർക്കത്തെ ചൊല്ലിയുണ്ടായ ഏറ്റുമുട്ടലിൽ 50 ലധികം പേർ കൊല്ലപ്പെടുകയും 120 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.