പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ 70.51% പോളിങ്. തപാൽ വോട്ട് ഉൾപ്പെടെ ചേർക്കുമ്പോൾ അന്തിമഫലത്തിൽ മാറ്റം വന്നേക്കും. ആകെയുള്ള 1,94,706 വോട്ടര്‍മാരിൽ 1,37,302 പേർ വോട്ട് ചെയ്തതെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. അണികളുടെ ആവേശത്തിന് അനുസരിച്ച് പോളിങ് ശതമാനം ഉയരാത്തത് മുന്നണികളുടെ കണക്കുകൂട്ടലുകൾ തെറ്റിക്കും. 2021 -ൽ 73.71 ശതമാനമായിരുന്നു പോളിംഗ്.
രാവിലെ ആറുമുതല്‍ തന്നെ പോളിങ് കേന്ദ്രങ്ങളില്‍ നീണ്ടനിരയായിരുന്നു. എന്നാല്‍, പിന്നീട് പോളിങ് മന്ദഗതിയിലേക്ക് മാറി. പാലക്കാട് ഇത്തവണ ഏറ്റവും കൂടുതൽ വോട്ട് രേഖപ്പെടുത്തിയത് നഗരസഭാ പരിധിയിലാണ്. ഇവിടെ 2021 -ൽ 65 ശതമാനമായിരുന്നു പോളിങ്. ഇത് ഇത്തവണ 71.1 ശതമാനമായി വർധിച്ചു. 6.1 ശതമാനം വർധന. ബിജെപിയുടെ ശക്തികേന്ദ്രമാണ് നഗരസഭ. 2021 -ൽ ഇവിടെ മുന്നിലെത്തിയത് ബിജെപിയായിരുന്നു. ഇത്തവണയും നേട്ടമുണ്ടാക്കാനാവുമെന്ന് ബിജെപി ക്യാമ്പ് കണക്കുകൂട്ടുന്നു. അതേസമയം 77 ശതമാനം പോളിങ് കഴിഞ്ഞ തവണ രേഖപ്പെടുത്തിയ പിരായിരി പഞ്ചായത്താണ് കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന ഷാഫിയുടെ വിജയത്തിൽ നിർണായകമായത്. എന്നാൽ ഇക്കുറി ഇവിടെ പോളിങ് കുത്തനെ ഇടിഞ്ഞു. 70.89 ശതമാനമാണ് ഇത്തവണത്തെ പോളിങ്. അതായത് ആറ് ശതമാനത്തിലേറെ കുറവ്. ഇതിന് പുറമെയാണ് മാത്തൂർ, കണ്ണാടി പഞ്ചായത്തുകളിൽ പോളിങിലുണ്ടായ കുറവ്. ഇത് ഇടതു വലതു മുന്നണികൾക്ക് ആശങ്കയുണ്ടാക്കും.
2021-ൽ മണ്ഡലത്തിൽ മത്സരിച്ച മെട്രോമാൻ ഇ ശ്രീധരന് വ്യക്തിപരമായി ലഭിച്ച വോട്ടാണ് കഴിഞ്ഞ തവണ മത്സരം കടുപ്പിച്ചതെന്ന വിലയിരുത്തലാണ് കോൺഗ്രസ് ക്യാമ്പിലുള്ളത്. അതിനാൽ തന്നെ ഇക്കുറി സി കൃഷ്ണകുമാർ സ്ഥാനാർത്ഥിയായപ്പോൾ മികച്ച ഭൂരിപക്ഷം നേടാനാവുമെന്നും കരുതിയിരുന്നു. എന്നാൽ സ്വന്തം ശക്തികേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞത് യുഡിഎഫ് ക്യാമ്പിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. അതേസമയം ഇക്കുറിയെങ്കിലും മൂന്നാം സ്ഥാനത്ത് നിന്ന് മുന്നേറണമെന്ന് പ്രതീക്ഷിച്ച ഇടതുമുന്നണിക്കും കാര്യങ്ങൾ അത്ര പന്തിയല്ലെന്ന സൂചനയാണ് വോട്ടെടുപ്പിലെ ഒടുവിലെ കണക്കുകൾ ബാക്കിയാക്കുന്നത്. കപ്പിനും ചുണ്ടിനുമിടയിൽ വിജയം അന്യമാകുമോയെന്ന ടെൻഷൻ ബിജെപി കാമ്പിലുമുണ്ട്. ഈ മാസം 23 -നാണ് മണ്ഡലത്തിൽ വോട്ടെണ്ണൽ.