ജോ ബൈഡനെതിരെ കടുത്ത വിമർശനവുമായി നിയുക്ത യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മൂത്ത മകൻ ട്രംപ് ജൂനിയർ (Donald John Trump Jr.). നിലവിലെ യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ മൂന്നാം ലോക മഹായുദ്ധം ആരംഭിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ട്രംപ് ജൂനിയർ പറഞ്ഞു. ബൈഡൻ ഭരണകൂടം യുക്രൈന് അടുത്തിടെ നൽകിയ സഹായം ചൂണ്ടിക്കാട്ടിയാണ് ട്രംപ് ജൂനിയറിന്‍റെ ആരോപണം. റഷ്യയെ ലക്ഷ്യമിട്ട് അമേരിക്ക നൽകുന്ന ദീർഘദൂര മിസൈലുകൾ ഉപയോഗിക്കാൻ യുക്രേനിയൻ സൈന്യത്തിന് അനുമതി നൽകാനുള്ള പ്രസിഡന്‍റ് ജോ ബൈഡന്‍റെ തീരുമാനത്തിന് പിന്നാലെയാണ് ട്രംപ് ജൂനിയറിന്‍റെ പ്രതികരണം. ജനുവരി 20-നാണ് ബൈഡന്‍റെ കാലാവധി അവസാനിക്കുന്നത്.
ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കുന്നതില്‍ യുക്രൈന് മേല്‍ ഏര്‍പ്പെടുത്തിയ വിലക്കാണ് യുഎസ് നീക്കിയത്. റഷ്യ – യുക്രൈൻ യുദ്ധത്തിൽ യുഎസ് നയത്തിലുണ്ടാകുന്ന സുപ്രധാന മാറ്റമാണ് ദീര്‍ഘദൂര മിസൈലുകള്‍ക്കുള്ള വിലക്ക് നീക്കിക്കൊണ്ട് ബൈഡനെടുത്ത തീരുമാനം. വരും ദിവസങ്ങളിൽ ആദ്യത്തെ ദീർഘദൂര ആക്രമണം നടത്താൻ യുക്രൈൻ പദ്ധതിയിടുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ. 190 മൈൽ (306 കിലോമീറ്റർ) വരെ ദൂരപരിധിയുള്ള റോക്കറ്റുകൾ ഉപയോഗിച്ചായിരിക്കും റഷ്യക്ക് മേൽ യുക്രൈൻ ആക്രമണം നടത്തുക. റഷ്യയിലെ കസ്‌ക് മേഖലയില്‍ വിന്യസിച്ചിരിക്കുന്ന റഷ്യന്‍ – ഉത്തര കൊറിയന്‍ സംയുക്ത സേനയ്ക്കെതിരെയാകും യുക്രൈന്‍റെ നീക്കമെന്നാണ് റിപ്പോർട്ടുകൾ.
മൂന്നാം ലോകയുദ്ധത്തിന്റെ ആരംഭമാണിതെന്ന് റഷ്യ പ്രതികരിച്ചു. ഉടൻ തിരിച്ചടിക്കുമെന്നും മുന്നറിയിപ്പു നൽകി. യുക്രെയ്നിന്റെ ഊർജമേഖലയിലുൾപ്പെടെ റഷ്യ കനത്ത മിസൈലാക്രമണം തുടരുകയാണ്. ഉത്തര കൊറിയയിൽനിന്നുള്ള പതിനായിരത്തിലേറെ സൈനികർ റഷ്യൻ സേനയോടൊപ്പം യുദ്ധമുന്നണിയിലെത്തിയതു കണക്കിലെടുത്താണ് യുഎസിന്റെ നയംമാറ്റം. റഷ്യൻ പ്രദേശത്തു കടന്നുകയറി യുക്രെയ്ൻ ഇപ്പോൾ പോരാടുന്നത് കുർസ്കിൽ മാത്രമാണ്. യുക്രെയ്നിലെ ഊർജ ഗ്രിഡുകൾ ലക്ഷ്യമിട്ട് ഞായറാഴ്ച റഷ്യ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണം കനത്ത നാശമാണ് ഉണ്ടാക്കിയത്.
അതിനിടെ യുക്രെയ്നെതിരെയുള്ള യുദ്ധത്തിൽ ഉപയോഗിക്കാൻ റഷ്യയ്ക്ക് ബാലിസ്റ്റിക് മിസൈലുകളും മറ്റ് ആയുധങ്ങളും നൽകിയതിന് ഇറാനെതിരെ പുതിയ ഉപരോധങ്ങൾ ബ്രിട്ടൻ ഏർപ്പെടുത്തി. ജർമനി, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ സെപ്റ്റംബറിൽ ഇറാനെതിരെ ഏർപ്പെടുത്തിയ ഉപരോധത്തിന്റെ തുടർച്ചയാണ് പുതിയ ഉപരോധം.