മോസ്കോ: ലോകത്തെ സൂപ്പർ പവർ രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടാൻ ഇന്ത്യയ്ക്ക് അർഹതയുണ്ടെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്‍. മറ്റ് ഏതു രാജ്യത്തെക്കാളും വേഗത്തിലാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ചയെന്നും സോച്ചിയിൽ വാൾഡായ് ഡിസ്കഷൻ ക്ലബ് സമ്മേളനത്തിൽ പുടിന്‍ പറഞ്ഞു. 150 കോടി ജനങ്ങളുള്ള ഇന്ത്യയെ ആഗോള മഹാശക്തികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട, പുരാതന സംസ്‌കാരവും, കൂടുതല്‍ വളര്‍ച്ചയ്ക്കുള്ള സാധ്യതകളും കണക്കിലെടുത്താല്‍ ഇന്ത്യയെ നിസ്സംശയമായും സൂപ്പര്‍ പവറുകളുടെ പട്ടികയിലേക്ക് ചേര്‍ക്കണം എന്ന് റഷ്യൻ പ്രസിഡന്റ് അഭിപ്രായപ്പെട്ടു. ലോകത്തെ മൂന്ന് ആഗോള ശക്തികളെ സംബന്ധിച്ചുള്ള ചോദ്യത്തിനാണ് പുടിൻ ഇന്ത്യയെ കൂടെ അതിൽ ഉൾപ്പെടുത്തണം എന്ന് അഭിപ്രായപ്പെട്ടത്
ലോകത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഇന്ത്യയുമായി റഷ്യയുടെ ഉഭയകക്ഷി ബന്ധം ശക്തമാണെന്നും എല്ലാ മേഖലയിലും, പ്രത്യേകിച്ച് സുരക്ഷ, പ്രതിരോധ രംഗങ്ങളിൽ സഹകരിച്ച് വലിയ മുന്നേറ്റമുണ്ടാക്കാനായെന്നും അദ്ദേഹം പറഞ്ഞു. ‘ചൈന റഷ്യയുടെ സഖ്യകക്ഷിയാണ്. ഇന്ത്യ–ചൈന അതിർത്തി പ്രശ്നത്തിൽ തർക്കങ്ങളുണ്ടെങ്കിലും യാഥാർഥ്യബോധത്തോടെ ഇരുരാജ്യങ്ങളും അതു പരിഹരിക്കാൻ ശ്രമിക്കുന്നുണ്ട്’– എന്നും പുട്ടിൻ പറഞ്ഞു.