ഹമാസ് നേതാക്കളോട് രാജ്യം വിടാൻ ഖത്തർ ആവശ്യപ്പെട്ടതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുഎസ് സമ്മർദത്തിനു പിന്നാലെയാണ് ഖത്തറിന്റെ നയം മാറ്റം. ഇസ്രായേൽ-ഹമാസ് പോരാട്ടത്തിൽ അമേരിക്കയ്‌ക്കും ഈജിപ്തിനും പുറമെ മധ്യസ്ഥ ചർച്ചകളിൽ നിർണായക സ്വാധീനം ചെലുത്തുന്നത് ഗൾഫ് രാജ്യമായ ഖത്തറാണ്. ഒരു വർഷത്തിലധികമായി വെടിനിർത്തൽ കരാർ നടപ്പിലാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും അതൊന്നും ഫലം കണ്ടിട്ടില്ല. ബന്ദികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുന്നോട്ട് വയ്‌ക്കുന്ന നിർദേശങ്ങളെല്ലാം ഹമാസ് തള്ളുന്നതാണ് അനിശ്ചിതാവസ്ഥയ്‌ക്ക് കാരണമാകുന്നത്. ഗാസയിൽ വെടിനിർത്തൽ കരാർ നടപ്പിലാക്കാനും, ബന്ദികളെ കൈമാറുന്നത് സംബന്ധിച്ചുള്ള ഉടമ്പടിയും, സംബന്ധിച്ചുള്ള പുതിയ നിർദേശം അംഗീകരിക്കില്ലെന്ന് ഹമാസ് തീരുമാനത്തിനെതിരെയാണ് ഇനി ദോഹയിൽ ഹമാസിന്റെ സാന്നിധ്യം അംഗീകരിക്കാൻ സാധ്യമല്ലെന്ന് യുഎസ് ഖത്തറിനെ അറിയിച്ചത്.
രാജ്യത്തുള്ള ഹമാസിന്റെ രാഷ്‌ട്രീയകാര്യ സമിതി ഓഫീസ് അടച്ചുപൂട്ടണമെന്നും, ഇനിയും കാത്തിരിക്കുന്നതിൽ അർത്ഥമില്ലെന്നുമാണ് അമേരിക്ക ഖത്തറിനെ അറിയിച്ചതെന്ന് മുതിർന്ന യുഎസ് നയതന്ത്ര ഉദ്യോഗസ്ഥൻ വ്യക്തമാക്കി. 10 ദിവസം മുൻപ് ഖത്തർ ഈ ആവശ്യം ഹമാസ് നേതാക്കളെ അറിയിച്ചതായും ഇദ്ദേഹം അവകാശപ്പെടുന്നു. 2012 മുതൽ ഹമാസിന്റെ ഓഫീസ് പ്രവർത്തിക്കുന്നത് ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലാണ്. സിറിയയിലെ ആഭ്യന്തരയുദ്ധമാണ് ഡമാസ്‌കസിൽ നിന്ന് ദോഹയിലേക്ക് തലസ്ഥാനം മാറ്റാൻ കാരണമായത്. ഹമാസ് നേതാക്കളോട് രാജ്യം വിടാൻ നിർദ്ദേശിച്ചതോടെ ഹമാസിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ വലിയ വെല്ലുവിളിയാണ് നേരിടുക. ഹമാസിന്റെ തലപ്പത്തുള്ളവരെ ഇസ്രായേൽ വകവരുത്തിയതിന് പിന്നാലെ ഓഫീസ് ഉൾപ്പടെ പൂട്ടിക്കെട്ടുന്നതോടെ ഭീകരപ്രവർത്തനങ്ങൾക്ക് അറുതി വരുമെന്ന് വിലയിരുത്താം.
അതിനിടെ ഗാസയിലും ലെബനിയിലും ഇസ്രായേൽ ആക്രമണം തുടരുകയാണ്. ഗാസയിലുടനീളം ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 50-ലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ലബനനില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിൽ 52 പേര് കൊല്ലപ്പെട്ടതായി ലബനാന്‍ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. വിവിധ പ്രദേശങ്ങളിൽ ആക്രമണം തുടരുകയാണ്. ബെയ്റൂട്ട് രാജ്യാന്തര വിമാനത്താവളത്തിനടുത്തും കഴിഞ്ഞ ദിവസം ഇസ്രയേല്‍ ആക്രമണം നടത്തിയിരുന്നു. ബോംബാക്രമണം നടത്തിയ പ്രദേശത്തുള്ളവരോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഗാസ യുദ്ധത്തിൽ ആകെ മരണം 43,508 ആയി. 1,02,684 പേർക്കു പരുക്കേറ്റു.