ഇന്തോ – ജാപ്പനീസ് വാഹന നിർമാതാക്കളായ മാരുതി സുസുക്കി വിറ്റാര മിഡ് സൈസ് എസ്‍യുവിയുടെ ഇലക്ട്രിക്ക് പതിപ്പിനെ അവതരിപ്പിച്ചു. മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് കാറിന് ഇ വിറ്റാര എന്നാണ് പേര്. ഇറ്റലിയിലെ മിലാനിൽ നടന്ന ചടങ്ങിലാണ് പേര് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മാരുതി സുസുക്കി eVX കൺസെപ്റ്റിൻ്റെ പ്രൊഡക്ഷൻ-റെഡി പതിപ്പാണ് പുതിയ ഇലക്ട്രിക്ക് വിറ്റാര. ടാറ്റ കർവ്വ് ഇവി , എംജി ഇസെഡ് ഇവി, വരാനിരിക്കുന്ന മഹീന്ദ്ര BE 05, ഹ്യുണ്ടായ് ക്രെറ്റ ഇവി എന്നിവയുമായി മത്സരിക്കാൻ ഈ മോഡൽ അടുത്ത വർഷം ആദ്യം ഇന്ത്യയിൽ എത്തും. ജനുവരിയില്‍ നടക്കുന്ന ഭാരത് മൊബിലിറ്റി ഷോയിലാണ് ഇ വിറ്റാര ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിക്കുക.
സുസുക്കിയുടെ ഗുജറാത്ത് പ്ലാന്‍റ് ഇലക്ട്രിക്ക് വിറ്റാര എസ്‌യുവിയുടെ പ്രൊഡക്ഷൻ ഹബ്ബായി പ്രവർത്തിക്കും. അതിന്റെ ഉൽപ്പാദനത്തിന്റെ 50 ശതമാനവും യൂറോപ്പും ജപ്പാനും ഉൾപ്പെടെയുള്ള കയറ്റുമതി വിപണികൾക്കായി ഉപയോഗിക്കും. രാജ്യാന്തര മോഡലായി അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇ വിറ്റാരയെ ഇറ്റലിയില്‍ ആദ്യമായി പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യയില്‍ 2025 മാര്‍ച്ച് മുതല്‍ ഇ വിറ്റാര വില്‍പനക്കെത്തും.
Heartect-e സ്‌കേറ്റ്‌ബോര്‍ഡ് പ്ലാറ്റ്‌ഫോമിലാണ് ഇ വിറ്റാര നിര്‍മിച്ചിരിക്കുന്നത്. ഇവി വാഹനങ്ങള്‍ക്ക് വേണ്ടി സവിശേഷമായുള്ള ഈ പ്ലാറ്റ്‌ഫോം ടൊയോട്ടയുമായി സഹകരിച്ചാണ് സുസുക്കി നിര്‍മിച്ചിരിക്കുന്നത്. 4,275 എംഎം നീളവും 1,800എംഎം വീതിയും 1,635 എംഎം ഉയരവുമുള്ള വാഹനമാണ് ഇ വിറ്റാര. ക്രേറ്റയേക്കാള്‍ വീതിയുള്ള 2,700 എംഎം വീല്‍ബേസാണ് ഇ വിറ്റാരക്ക് നല്‍കിയിരിക്കുന്നത്. വലിയ ബാറ്ററിയെ ഉള്‍ക്കൊള്ളാന്‍ ഇത് സഹായിക്കും. 49kWh, 61kWh എന്നീ രണ്ട് ബാറ്ററി പായ്ക്കുകളിൽ ഈ ഇലക്ട്രിക് എസ്‌യുവി ലഭ്യമാകും. ആൾഗ്രിപ്പ്-ഇ സിസ്റ്റം എന്നറിയപ്പെടുന്ന ഡ്യുവൽ-മോട്ടോർ 4WD ഓപ്ഷനുമായാണ് വലിയ ബാറ്ററി പായ്ക്ക് വരുന്നത്. ചൈനീസ് ബാറ്ററി ഭീമനായ ബിവൈഡിയിൽ നിന്നുള്ള ലിഥിയം അയൺ-ഫോസ്ഫേറ്റ് ബ്ലേഡ് സെല്ലുകളായിരിക്കും ഇ-വിറ്റാരയുടെ ഹൃദയം. റേഞ്ചിനെക്കുറിച്ച് ഔദ്യോഗികമായ കണക്കുകളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും വലിയ 61kWh ബാറ്ററി സിംഗിൾ ചാർജിൽ 500 കിലോമീറ്ററിന് മുകളിൽ റേഞ്ച് നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.