ഡര്‍ബന്‍: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 61 റണ്‍സിന്‍റെ കൂറ്റന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സഞ്ജു സാംസണിന്റെ സെഞ്ചുറി കരുത്തില്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ മറുപടി 17.5 ഓവറില്‍ 141 റണ്‍സിലൊതുങ്ങി. 22 പന്തില്‍ 25 റണ്‍സെടുത്ത ഹെന്‍റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. ഇന്ത്യക്കായി വരുണ്‍ ചക്രവര്‍ത്തി 25 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ രവി ബിഷ്ണോയ് 28 റണ്‍സിന് 3 വിക്കറ്റെടുത്തു. ജയത്തോടെ നാല് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച നടക്കും. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 202-8, ദക്ഷിണാഫ്രിക്ക 17.5 ഓവറില്‍ 141ന് ഓള്‍ ഔട്ട്.
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടിയതിലൂടെ സഞ്ജു സാംസണ്‍ സ്വന്തമാക്കിയത് ഒരുപിടി റെക്കോര്‍ഡുകള്‍ കൂടിയാണ്. രാജ്യാന്തര ടി20യില്‍ രണ്ട് സെഞ്ചുറികള്‍ നേടുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ ബാറ്ററെന്ന നേട്ടമാണ് ദക്ഷിണാഫ്രിക്കക്കെതിരായ സെഞ്ചുറിയിലൂടെ സഞ്ജു അടിച്ചെടുത്തത്. രാജ്യാന്തര ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറി നേടുന്ന നാലാമത്തെ മാത്രം താരവുമാണ് സഞ്ജു. ഗുസ്താവോ മക്കെയോണ്‍, റിലീ റൂസോ, ഫില്‍ സാള്‍ട്ട് എന്നിവര്‍ മാത്രമാണ് സഞ്ജുവിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയവര്‍. ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ 50+ സ്കോറുകള്‍ നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പറെന്ന നേട്ടത്തിനൊപ്പവും സഞ്ജു എത്തി. എം എസ് ധോണിയെയും റിഷഭ് പന്തിനെയും പിന്നിലാക്കി സഞ്ജു മൂന്ന് 50+ സ്കോറുകള്‍ നേടിയിട്ടുള്ള കെ എല്‍ രാഹുലിന്‍റെും ഇഷാന്‍ കിഷന്‍റെയും നേട്ടത്തിനൊപ്പമാണ് എത്തിയത്.