തെരഞ്ഞെടുപ്പില്‍ കമല ഹാരിസ് പരാജയപ്പെട്ടെങ്കിലും അമേരിക്കയുടെ ഭരണ സിരാകേന്ദ്രങ്ങളില്‍ ശക്തമായ സാന്നിധ്യമായി മറ്റൊരു ഇന്ത്യന്‍ വനിത ഉണ്ടാകും. ട്രംപിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി ജെ.ഡി.വാൻസിന്റെ പങ്കാളി. ഇന്ത്യൻ വംശജയായ ഉഷ വാൻസ് അഥവാ ഉഷ ചിലുകുരി. യുഎസ് സർക്കാരിൽ അറ്റോർണിയായ ഉഷ ചിലുകുരിയുടെ വേരുകൾ ആന്ധ്രപ്രദേശിലാണ്. തന്റെ വിജയ പ്രസംഗത്തില്‍ ഡോണള്‍ഡ് ട്രംപ് വാന്‍സിനെയും ഉഷ വാന്‍സിനെയും അഭിനന്ദിച്ചിരുന്നു. സുന്ദരിയെന്നും ശ്രദ്ധേയയെന്നുമാണ് ഉഷയെ പ്രസംഗത്തില്‍ ട്രംപ് വിശേഷിപ്പിച്ചത്.
ആന്ധ്രപ്രദേശിൽ വേരുകളുള്ള ഉഷയുടെ ജനനം കലിഫോർണിയയിലാണ്. 50 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഉഷ ചിലുകുരിയുടെ കുടുംബം ആന്ധ്രപ്രദേശിലെ വട്‌ലുരു എന്ന ഗ്രാമത്തില്‍ നിന്ന് വിദേശത്തേക്ക് കുടിയേറുന്നത്. ക്രിഷ്, ലക്ഷ്മി ചിലുകുരി എന്നിവരാണ് മാതാപിതാക്കള്‍. എഞ്ചിനീയറും യൂണിവേഴ്‌സിറ്റി അധ്യാപകനുമായിരുന്നു ഉഷയുടെ പിതാവ്. അമ്മ ലക്ഷ്മി ബയോളജിസ്റ്റായിരുന്നു. റാഞ്ചോ പെനാസ്‌ക്വിറ്റോസിലെ മൗണ്ട് കാർമൽ ഹൈസ്കൂളിലായിരുന്നു പഠനം. 2013-ൽ യേൽ ലോ സ്കൂളിലെ പഠനകാലത്താണു ജീവിതപങ്കാളി ജെ.ഡി.വാൻസിനെ കണ്ടുമുട്ടിയത്. നിയമബിരുദം നേടിയതിനു പിന്നാലെ 2014-ൽ ഇരുവരും വിവാഹിതരായി. ഹിന്ദു പുരോഹിതനാണു ചടങ്ങിനു നേതൃത്വം നൽകിയത്. വാൻസ്–ഉഷ ദമ്പതികൾക്കു 3 മക്കളാണ്; ഇവാൻ, വിവേക്, മിറാബ. യേൽ യൂണിവേഴ്‌സിറ്റിയിൽനിന്നു ചരിത്രത്തിൽ ബിഎയും കേംബ്രിജ് യൂണിവേഴ്‌സിറ്റിയിൽനിന്നു ചരിത്രത്തിൽ എംഫിലും ഉഷ കരസ്ഥമാക്കി. യേൽ ലോ ജേണലിന്റെ എക്‌സിക്യൂട്ടീവ് ഡെവലപ്‌മെന്റ് എഡിറ്ററായും യേൽ ജേണൽ ഓഫ് ലോ ആൻഡ് ടെക്‌നോളജിയുടെ മാനേജിങ് എഡിറ്ററായും സേവനമനുഷ്ഠിച്ചു. സുപ്രീം കോടതി അഭിഭാഷക ക്ലിനിക്, മീഡിയ ഫ്രീഡം ആൻഡ് ഇൻഫർമേഷൻ ആക്സസ് ക്ലിനിക്, ഇറാഖി അഭയാർഥി സഹായ പദ്ധതി തുടങ്ങിയവയിലും സജീവമായിരുന്നു.
2016-ല്‍ ട്രംപ് ആദ്യമായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍ പ്രസിദ്ധീകരിച്ച വാന്‍സിന്റെ ‘ഹില്‍ബില്ലി എലജി’ എന്ന ഓര്‍മക്കുറിപ്പ് എഴുതുന്നതില്‍ ഉഷയുടെ പങ്ക് നിര്‍ണായകമായിരുന്നു. 2016, 2022 വര്‍ഷങ്ങളിലെ സെനറ്റ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമായിരുന്ന അവര്‍ വാന്‍സിന്റെ രാഷ്ട്രീയ പരിപാടികള്‍ക്ക് എല്ലാ പിന്തുണയും മാര്‍ഗനിര്‍ദേശവും നല്‍കാറുണ്ട്. സങ്കീർണമായ സിവിൽ വ്യവഹാരങ്ങളിലും വിദ്യാഭ്യാസം, സർക്കാർ, ആരോഗ്യം എന്നിവയുൾപ്പെടെ വിവിധ മേഖലകളിലും പ്രാവീണ്യമുണ്ട്. മതപരമായ ചുറ്റുപാടുകളിലാണ് താന്‍ വളര്‍ന്നതെന്നും തന്റെ മാതാപിതാക്കള്‍ ഹിന്ദുക്കളാണെന്നും ഉഷ അടുത്തിടെ ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.