നയൻതാരയുടെ ജീവിതം ഡോക്യൂമെന്ററി ആകുന്നു. ‘നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിൽ’ എന്ന് പേരിട്ടിരിക്കുന്ന ഡോക്യൂമെന്ററിയുടെ ഒടിടി റിലീസിംഗ് തീയതി നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചു. താരത്തിന്റെ ജന്മദിനമായ നവംബർ 18-നാണ് നെറ്റ്ഫ്ലിക്സിൽ ഡോക്യൂമെന്ററി സ്ട്രീം ചെയ്യുന്നത്. റെഡ് കാര്‍പ്പറ്റില്‍ കാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്ന നയന്‍താരയുടെ പോസ്റ്ററിനൊപ്പമായിരുന്നു പ്രഖ്യാപനം.
ഗൗതം വാസുദേവ് മേനോനാണ് ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നത്. ഒരു മണിക്കൂർ 21 മിനിട്ടാണ് വീഡിയോയുടെ ദൈർഘ്യം. മലയാളത്തിൽ അരങ്ങേറി തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമയിൽ താരറാണിയായി മാറിയ നായികയാണ് നയൻതാര. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മനസ്സിനക്കരെ’ എന്ന മലയാള സിനിമയിലെ നായികയായാണ് നയൻതാര ചലച്ചിത്ര രംഗത്തേക്ക് എത്തുന്നത്. അവിടെ നിന്ന് തമിഴിലേക്ക് ചുവടുവെച്ച താരം ലേഡി സൂപ്പർസ്റ്റാർ എന്ന നിലയിലേക്ക് വളരുകയായിരുന്നു.
2015 -ൽ പുറത്തിറങ്ങിയ നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ചിത്രത്തിന്റെ സംവിധായകനായ വിഘ്‌നേശ് ശിവനുമായി നയൻതാര പ്രണയത്തിലായത്, പിന്നീട് 2022 ജൂൺ 9 -ന് ഇരുവരും വിവാഹിതരായി. ധനുഷ്- നയൻതാര വിവാദങ്ങൾക്ക് കാരണമായ ‘നാനും റൗഡി താൻ‘ സിനിമയുടെ അണിയറദൃശ്യങ്ങളും ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സെറ്റിൽ വിഘ്‌നേഷ് താരങ്ങൾക്ക് നിർദേശം നൽകുന്നതും നയൻതാരയോട് സംസാരിക്കുന്നതും കാണാനാകും. ചിത്രത്തിന്റെ ബിടിഎസ് ദൃശ്യങ്ങളും നിർമാതാവിന് അവകാശപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി ധനുഷ് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.
താരത്തിന്റെ വിവാഹവും, കരിയറും ഉൾപ്പടെ അവരുടെ ജീവിതത്തിലെ നിർണായക ഘട്ടങ്ങളെല്ലാം ഉൾപ്പെടുത്തിയാണ് ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്.