ന്യൂ ഡൽഹി: അതിർത്തി സംഘർഷത്തിൽ ചൈനയുമായി ധാരണയിലെത്തിയെന്ന് വിദേശകാര്യ മന്ത്രാലയം. ഇന്ത്യ-ചൈന അതിർത്തിയിലെ സേന പിന്മാറ്റത്തിനും യഥാർത്ഥ നിയന്ത്രണ രേഖയിൽ പട്രോളിംഗ് പുനരാരംഭിക്കാനും ധാരണയിലെത്തിയതായി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു. ഗല്‍വാൻ സംഘര്‍ഷത്തിനുശേഷം ദീര്‍ഘനാളായി തുടരുന്ന തര്‍ക്കമാണിപ്പോള്‍ സുപ്രധാന തീരുമാനത്തിലൂടെ ഇരു രാജ്യങ്ങളും പരിഹരിച്ചത്. ദെപ്സാങ്, ഡെംചോക്ക് എന്നീ മേഖലകളിൽ നിന്നും സേനാ പിന്മാറ്റത്തിന് ധാരണയായിട്ടുണ്ട്.
16-ാമത് ബ്രിക്‌സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യ സന്ദർശനത്തിന് തൊട്ടുമുമ്പാണ് ഈ സുപ്രധാന പുരോഗതി. ബ്രിക്സ് ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയുടെ സാധ്യതകളും വിദേശകാര്യ മന്ത്രാലയം തള്ളിക്കളഞ്ഞില്ല. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്‌സ് ഉച്ചകോടി തുടങ്ങാനിരിക്കെ മോസ്ക്കോയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കങ്ങളിലെ പ്രശ്ന പരിഹാരവും ചർച്ചയായേക്കും. ഒക്ടോബർ 22-23 തീയതികളിൽ റഷ്യയിലെ കസാനിൽ വച്ച് നടക്കുന്ന ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായുള്ള ചർച്ചകളിൽ ഇതുസംബന്ധിച്ച കൂടുതൽ തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
2020 -ലെ അതിർത്തി ഏറ്റുമുട്ടലുകൾക്ക് ശേഷം മോദിയും ഷീയും തമ്മിൽ ഔദ്യോഗികമായി ഉഭയകക്ഷി ചർച്ചകൾ നടത്തിയിട്ടില്ല. എന്നാൽ ബ്രിക്സിലെ കൂടിക്കാഴ്ച സംബന്ധിച്ച് ഇരുരാജ്യങ്ങളും ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. അതിനിടെ ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിൽ മോദിയെ പ്രശംസിച്ച് റഷ്യൻ പ്രസിഡന്‍റ് പുടിൻ രംഗത്തെത്തിയിരുന്നു. മോദിയുമായി സംസാരിക്കുമ്പോളെല്ലാം അദ്ദേഹം ഒറ്റകാര്യത്തിനാണ് വലിയ പരിഗണന നൽകുന്നതെന്നും അത് യുക്രൈൻ – റഷ്യ യുദ്ധം അവസാനിപ്പിക്കണമെന്നതാണെന്നും പുടിൻ വിവരിച്ചിരുന്നു. അക്കാര്യത്തിൽ മോദിക്ക് നന്ദി അറിയിക്കുന്നതായും റഷ്യൻ പ്രസിഡന്‍റ് വ്യക്തമാക്കിയിരുന്നു.