ചൈനീസ് വാഹന നിർമ്മാതാക്കളായ ബിവൈഡി തങ്ങളുടെ ഏറ്റവും പുതിയ മോഡൽ വിപണിയിലിറക്കി. ഇ മാക്സ് 7 എന്ന പേരിട്ട മോഡൽ മൂന്ന് വരി സീറ്റിംഗ് ലേഔട്ടും നൂതന സാങ്കേതികവിദ്യയും ഉൾപ്പെടുത്തിയിട്ടുണ്ട്. പനോരമിക് ഗ്ലാസ് റൂഫ്, പ്രീമിയം സ്വിച്ച് ഗിയർ, സോഫ്റ്റ്ടച്ച് മെറ്റീരിയലുകൾ, പുതുക്കിയ സെന്റർ കൺസോൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. രണ്ട് മോഡലുകളിലായി ലഭിക്കുന്ന വാഹനത്തിന്റെ പ്രീമിയം ട്രിമ്മിന്റെ ആറ് സീറ്റ് മോഡലിന് 26.90 ലക്ഷം രൂപയും ഏഴ് സീറ്റ് മോഡലിന് 27.50 ലക്ഷം രൂപയുമാണ് വില. ഉയർന്ന മോഡലായ സുപ്പീരിയറിന്റെ ആറ് സീറ്റ് ട്രിമ്മിന് 29.30 ലക്ഷം രൂപയും ഏഴ് സീറ്റ് മോഡലിന് 29.9 ലക്ഷം രൂപയുമാണ് വില.
പുതിയ ഡിസൈനിലുള്ള 17 ഇഞ്ച് അലോയ് വീലുകളുണ്ട്. ക്വാർട്സ് ബ്ലൂ, ഹാർബർ ഗ്രേ, ക്രിസ്റ്റൽ വൈറ്റ്, കോസ്മോ ബ്ലാക് എന്നീ നിറങ്ങളിൽ പുതിയ വാഹനം ലഭിക്കും. അടിസ്ഥാന മോഡല്‍ മുതല്‍ ആറ് എയർബാഗുകളും 360 ഡിഗ്രി ക്യാമറയുമുണ്ട്. രണ്ട് ബാറ്ററി ഓപ്ഷനോടു കൂടിയാണ് വാഹനം എത്തുന്നത്. ബിവൈഡിയുടെ ബ്ലേഡ് സാങ്കേതിക വിദ്യയിലുള്ള ബാറ്ററിയാണ്. ബേസ് മോഡലായ പ്രീമിയത്തിൽ 55.4 കിലോവാട്ട് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. ഒറ്റ ചാർജിൽ 420 കിലോമീറ്ററാണ് റേഞ്ച്. സുപ്പീരിയറിൽ ഉപയോഗിക്കുന്ന 71.8 കിലോവാട്ട് ബാറ്ററി 530 കിലോമീറ്റർ റേഞ്ച് നൽകും. പ്രീമിയത്തിന് 163 എച്ച്പി കരുത്തുണ്ട്, വേഗം 100 കടക്കാൻ 10.1 സെക്കൻഡ് മാത്രം മതി. സുപ്പീരിയറിന്റെ കരുത്ത് 204 എച്ച്പി, വേഗം നൂറ് കടക്കാൻ വെറും 8.6 സെക്കൻഡ് മാത്രം മതി. പ്രീമിയം മോഡല് 89 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാർജിങ്ങും സുപ്പീരിയർ 115 കിലോവാട്ട് ഡിസി ഫാസ്റ്റ് ഫാസ്റ്റ് ചാർജിങ്ങും സപ്പോർട്ട് ചെയ്യും.