അടുത്തിടെ പുറത്തിറക്കിയ ടൊയോട്ട ലാൻഡ് ക്രൂയിസർ പ്രാഡോ അടുത്ത വർഷം രണ്ടാം പകുതിയിൽ ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ട്. രാജ്യത്തെ വാഹനവ പ്രേമികൾ ഏറെ നാളായി കാത്തിരിക്കുന്ന ഓഫ് റോഡ് വാഹനമാണ് ടൊയോട്ട ലാൻഡ് ക്രൂയിസർ പ്രാഡോ. അന്താരാഷ്‌ട്ര വിപണികളിൽ സാവധാനം അവതരിപ്പിച്ച് വരികയാണ്. പുതിയ ലാൻഡ് ക്രൂയിസർ പ്രാഡോ ചില വിപണികളിൽ ലാൻഡ് ക്രൂയിസർ 250 എന്ന പേരിലും വിൽക്കപ്പെടുന്നു. പൂർണമായി വിദേശത്ത് നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനാണ് ടൊയോട്ട പദ്ധതിയിടുന്നത്.
റെട്രോ ബോക്സി ഡിസൈനിലാണ് കമ്പനി വാഹനത്തെ അവതരിപ്പിച്ചത്. ഏത് ഭൂപ്രദേശത്തും അനായാസ യാത്രയാണ് പ്രാഡോ വാഗ്ദാനം ചെയ്യുന്നത്. ഇതിനായി മെച്ചപ്പെടുത്തിയ ഓൾ ടെറയിൻ സംവിധാനമാണ് വാഹനത്തിൽ സജ്ജമാക്കിയിരിക്കുന്നത്. ഇലക്ട്രിക് സൺറൂഫ്, ഹീറ്റഡ് ആൻഡ് വെന്റിലേറ്റഡ് സീറ്റുകൾ, ഹെഡ് അപ് ഡിസ്പ്ലേ, വയർലെസ് ചാർജർ തുടങ്ങിയവ വാഹനത്തിലുണ്ട്. പുതിയ ലാൻഡ് ക്രൂയിസർ പ്രാഡോ, വർധിച്ച വീൽ ആർട്ടിക്യുലേഷൻ, നവീകരിച്ച മൾട്ടി-ടെറൈൻ മോണിറ്റർ ഇൻ്റർഫേസ്, ഓഫ്-റോഡ് ഡ്രൈവിംഗ് മോഡുകളുടെ മെച്ചപ്പെടുത്തലുകൾ എന്നിവ ഉൾക്കൊള്ളുന്ന മെച്ചപ്പെടുത്തിയ ഓൾ-ടെറൈൻ ശേഷി വാഗ്ദാനം ചെയ്യുന്നതായി ടൊയോട്ട പറയുന്നു. മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ, പ്ലഷ് ലെതർ അപ്‌ഹോൾസ്റ്ററി, പുതിയ തലമുറ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റമുള്ള റാപറൗണ്ട് ഡിജിറ്റൽ ഡിസ്‌പ്ലേ എന്നിവ വാഹനത്തിന് കമ്പനി നൽകുന്നു.
വലിപ്പമുള്ള ലാൻഡ് ക്രൂയിസർ 300 ലഭ്യമല്ലാത്ത വടക്കേ അമേരിക്ക, യുണൈറ്റഡ് കിംഗ്ഡം തുടങ്ങിയ വിപണികളിൽ ടൊയോട്ടയുടെ മുൻനിര ഉൽപ്പന്നം കൂടിയാണിത്. ഇന്ത്യയിൽ ലാൻഡ് ക്രൂയിസർ 300 ലഭിക്കുന്നതിനാൽ, ഈ പുതിയ SUV മിക്കവാറും ലാൻഡ് ക്രൂയിസർ പ്രാഡോ എന്ന പേരിൽ തന്നെയായിരിക്കും രാജ്യത്ത് എത്തുക.