ടെൽ അവീവ്: ഹമാസ് തലവൻ യഹ്യ സിൻവാർ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കകം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വസതി ലക്ഷ്യമാക്കി ഡ്രോൺ ആക്രമണം. നെതന്യാഹു വസതിയിൽ ഉണ്ടായിരുന്നില്ലെന്നും ആക്രമണത്തിൽ ആളപായമില്ലെന്നും അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. ഹമാസിനെതിരായ യുദ്ധത്തിൽ വിജയിക്കുമെന്നും ഒന്നിനും ഇസ്രയേലിനെ പിന്തിരിപ്പിക്കാനാകില്ലെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. തന്നെയും ഭാര്യയെയും വധിക്കാൻ ശ്രമിച്ചത് ഗുരുതരമായ തെറ്റാണെന്നും ഇസ്രായേൽ പൗരന്മാരെ ദ്രോഹിക്കാൻ ശ്രമിക്കുന്നവർ കനത്ത വില നൽകേണ്ടി വരുമെന്നും നെതന്യാഹു അറിയിച്ചു. ലെബനനിൽ നിന്നാണ് ഡ്രോൺ വിക്ഷേപിച്ചതെന്നും അതൊരു കെട്ടിടത്തിൽ ഇടിച്ചെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു. ഇസ്രായേലിലേക്ക് എത്തിയ രണ്ട് ഡ്രോണുകളെ തടഞ്ഞെന്നും സൈന്യത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അതേസമയം ഡ്രോണ്‍ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഹിസ്ബുല്ല ഇതുവരെ ഏറ്റെടുത്തിട്ടില്ല.
വടക്കൻ ഗാസയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ ഹമാസ് ഉന്നതനേതാവ് യഹ്യ സിൻവർ കൊല്ലപ്പെട്ടതോടെയാണ് സംഘർഷം രൂക്ഷമായത്. തെക്കന്‍ ഗാസയില്‍ രഹസ്യാന്വേഷണത്തിന്റെ ഭാഗമായി ഇസ്രയേൽ ഗ്രൗണ്ട് ഫോഴ്‌സിന്റെ 828 ബ്രിഗേഡ് അദ്ദേഹത്തിന്റെ ഒളിത്താവളത്തിൽ നടത്തിയ റെയ്ഡിലാണ് യഹ്‌യ സിന്‍വാര്‍ കൊല്ലപ്പെട്ടത്. ഹമാസുമായുള്ള പോരാട്ടത്തിൽ ഇസ്രായേലിൻ്റെ വലിയ വിജയമായാണ് സിൻവാറിൻ്റെ മരണം എന്നാണ് വിലയിരുത്തൽ. സിൻവാർ മരിച്ചാലും യുദ്ധം തുടരുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ജൂലൈയിൽ ടെഹ്‌റാനിൽ വെച്ച് ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സിൻവാർ പലസ്തീന്‍ ഗ്രൂപ്പായ ഹമാസിന്റെ പൊളിറ്റ് ബ്യൂറോ തലവനായി ചുമതലയേൽക്കുന്നത്. ഗാസ യുദ്ധത്തിന് തുടക്കമിട്ട ഒക്ടോബർ 7-ന് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ എന്നായിരുന്നു യഹ്‌യ സിൻവാറിനെ ഇസ്രായേൽ വിശേഷിപ്പിച്ചിരുന്നത്. സിൻവാറിന്റെ മരണം നിലവിലെ പ്രതിസന്ധിക്ക് കാരണമാകുമെങ്കിലും സംഘർഷം വഴിയിൽവെച്ച് അവസാനിപ്പിക്കാൻ തയ്യാറല്ല ഹമാസ് ഗ്രൂപ്പ്. 2004 മുതൽ 2017 വരെ ഹമാസിനെ നയിച്ചിരുന്ന ഖാലിദ് മെഷാലാണ് സിൻവാറിന്റെ സ്ഥാനത്തേക്ക് ഇനി എത്തുക എന്നാണ് സൂചന.
വടക്കൻ ഗാസയിലെ ബെയ്റ്റ് ലഹിയ പട്ടണത്തിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 73 പേർ കൊല്ലപ്പെട്ടു. ഗാസയിൽ ശനിയാഴ്ച ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടിരുന്നു. ഇതോടെ ശനിയാഴ്ച ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 108 ആയി. അതിനിടെ ഹമാസ് തലവൻ യഹ്യ സിൻവറിനെ കൊലപ്പെടുത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വിട്ടതിന് പിന്നാലെ ഇസ്രയേൽ സൈന്യം വിമാനത്തിൽ നിന്നും സിൻവറിന്റെ മൃതദേഹത്തിന്റെ ചിത്രങ്ങളുള്ള ലഘുലേഖകൾ തെക്കൻ ഗാസയിൽ വിതറി. ഹമാസ് ഇനി ഗാസ ഭരിക്കില്ലെന്നാണ് ലഘുലേഖകളിലെ ഉള്ളടക്കം. ആയുധംവെച്ച് കീഴടങ്ങുന്നവരേയും ബന്ദികളെ വിട്ടയക്കുന്നവരേയും സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കാമെന്നും ലഘുലേഖയിലുണ്ട്. വടക്കന്‍ ബെയ്‌റൂത്തിലും ഇസ്രയേൽ സൈന്യം ലഘുലേഖകള്‍ വിതറി. പൗരന്‍മാർ ഇവിടം വിടണമെന്നാണ് ആവശ്യം.
കഴിഞ്ഞ ഒക്ടോബറിൽ ഇസ്രയേൽ–ഹമാസ് സംഘർഷം ആരംഭിച്ചശേഷം 42,519 പലസ്തീൻകാർ കൊല്ലപ്പെടുകയും 99,637 പേർക്കു പരുക്കേൽക്കുകയും ചെയ്തതായി പലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.