ലെബനോൻ: ലെബനനിൽ വോക്കി ടോക്കി സ്ഫോടന പരമ്പരയിൽ 9 പേർ കൂടി കൊല്ലപ്പെട്ടു. 300 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റെന്നാണ് വിവരം. ‘പേജര്‍’ ഉപകരണങ്ങള്‍ പൊട്ടിത്തെറിക്കുകയായിരുന്നു ആദ്യ സംഭവം എങ്കില്‍ തൊട്ടടുത്ത ദിനം നടന്ന സ്ഫോടനം നിരവധി ‘വാക്കി-ടോക്കി’ ഉപകരണങ്ങളിലായിരുന്നു. ഇസ്രയേലിന്‍റെ ചാരകണ്ണുകളില്‍ നിന്ന് രക്ഷപ്പെടാനായിരുന്നു ഹിസ്ബുല്ല അംഗങ്ങൾ ആശയവിനിമയത്തിനായി മൊബൈൽ ഫോണുകൾ ഒഴിവാക്കി പേജറുകളും വാക്കി-ടോക്കികളും ഉപയോഗിക്കുന്നത്.
ലെബനനിലെ ഇലക്ട്രോണിക് സ്ഫോടന പരമ്പരയുടെ പശ്ചാത്തലത്തിൽ ഐക്യരാഷ്ട്ര സഭ രക്ഷാസമിതി അടിയന്തിര യോഗം വിളിച്ചു. ഈ ആഴ്ച യോഗം ചേരാനാണ് യു എൻ തീരുമാനിച്ചിരിക്കുന്നത്. ലബനോനിലെ ഇലക്ട്രോണിക് ആക്രമണമടക്കം ചർച്ച ചെയ്യാൻ ആണ് യോഗം ചേരുന്നതെന്ന് യു എൻ വ്യക്തമാക്കി. സാധാരണക്കാർ ഉപയോഗിക്കുന്ന വസ്തുക്കൾ യുദ്ധോപകരണം ആക്കരുതെന്ന് യുഎ ൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ് അഭിപ്രായപ്പെട്ടു.
ചൊവ്വാഴ്‌ചയായിരുന്നു ലെബനനില്‍ ഹിസ്ബുല്ലയെ ഞെട്ടിച്ച ആദ്യ സ്ഫോടന പരമ്പര. വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ ഡിവൈസായ ആയിരക്കണക്കിന് പേജര്‍ ഉപകരണങ്ങള്‍ ഒരേസമയം പൊട്ടിത്തെറിക്കുകയായിരുന്നു. തലസ്ഥാനമായ ബെയ്‌റൂത്തിലടക്കമുണ്ടായ സ്ഫോടന പരമ്പരയില്‍ 12 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ മൂവായിരത്തോളം പേര്‍ക്ക് പരിക്കേറ്റു. ഈ പൊട്ടിത്തെറിയില്‍ കൊല്ലപ്പെട്ടവരുടെ ഹിസ്ബുല്ല അംഗങ്ങളുടെ ശവസംസ്കാര ചടങ്ങുകള്‍ക്കിടെയാണ് ബുധനാഴ്‌ച വാക്കി-ടോക്കി എന്ന മറ്റൊരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ ഉപകരണം പൊട്ടിത്തെറിക്കുന്ന രണ്ടാം സ്ഫോടന പരമ്പരയുണ്ടായത്.