Saturday, April 19, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » പേജർ സ്ഫോടനങ്ങളിൽ നടുങ്ങി ലെബനോൻ; യുദ്ധ ചരിത്രത്തിലെ അസാധാരണ സംഭവം
പേജർ സ്ഫോടനങ്ങളിൽ നടുങ്ങി ലെബനോൻ; യുദ്ധ ചരിത്രത്തിലെ അസാധാരണ സംഭവം

പേജർ സ്ഫോടനങ്ങളിൽ നടുങ്ങി ലെബനോൻ; യുദ്ധ ചരിത്രത്തിലെ അസാധാരണ സംഭവം

by Editor
Mind Solutions

ഇറാന്റെ പിന്തുണയുള്ള സായുധസംഘടനയായ ഹിസ്ബുല്ലയുടെ ശക്തികേന്ദ്രങ്ങളിൽ നൂറുകണക്കിനു പേജറുകൾ പൊട്ടിത്തെറിച്ചു കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി. 2800-ലധികം പേര്‍ക്കാണ് സ്ഫോടനങ്ങളിൽ പരിക്കേറ്റത്. ആസൂത്രിത ഇലക്ട്രോണിക്സ് ആക്രമണത്തിന് പിന്നിൽ ഇസ്രായേൽ ആണെന്നാണ് ഹിസ്ബുല്ലയുടെ ആരോപണം. ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശമായ ദഹിയയിലും കിഴക്കൻ ബെക്കാ താഴ്‌വരയിലും പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണു സ്ഫോടനങ്ങൾ ആരംഭിച്ചത്. സിറിയയിലും ഇതേസമയം പേജറുകൾ പൊട്ടിത്തെറിച്ചെന്നാണു വിവരം. ഉപയോഗിക്കുന്നവരുടെ ലൊക്കേഷനും മറ്റും കണ്ടുപിടിക്കുക എളുപ്പമല്ലാത്തതിനാലാണ് ഹിസ്ബുല്ല പോലുള്ള ഗ്രൂപ്പുകൾക്ക് പേജർ ഇപ്പോഴും പ്രിയം. ഇസ്രായേലും ഹിസ്ബുല്ലയുമായുള്ള ഭിന്നത രൂക്ഷമായിരിക്കെ ആണ് ലെബാനോനെ നടുക്കിയ പേജർ സ്‌ഫോടനങ്ങൾ നടന്നത്. മരിച്ചവരിലും പരിക്കേറ്റവരിലും ഉന്നതരായ ഹിസ്ബുല്ല നേതാക്കളും ഉണ്ടെന്നാണ് സൂചന.

യുദ്ധങ്ങളുടെ ചരിത്രത്തിൽ തന്നെ അസാധാരണമായൊരു സംഭവമാണ് ലെബനോനിലെ പേജർ സ്ഫോടനം. പേജര്‍ പോലെയൊരു ചെറിയ വസ്തുവിനെ എങ്ങനെയാണ് സ്ഫോടനത്തിനായി ഉപയോഗിച്ചതെന്ന ചോദ്യമാണിപ്പോള്‍ ഉയരുന്നത്. പേജറിനെ മാരകായുധമാക്കി മാറ്റിയ ബുദ്ധി ഇസ്രയേലിന്‍റേതാണെന്നാണ് ഹിസ്ബുല്ല ആരോപിക്കുന്നത്. നിർമ്മാണ സമയത്തോ, അതിന് ശേഷം പേജർ ഹിസ്ബുല്ലയുടെ കയ്യിൽ എത്തുന്നതിന് മുമ്പോ പേജറുകൾക്ക് അകത്ത് ചെറിയ അളവിൽ സ്ഫോടനവസ്തു ഉൾപ്പെടുത്തിയതാകാം എന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. പേജറിനെ ഹാക്ക് ചെയ്ത്, അതിലെ ബാറ്ററിയെ ചൂടാക്കി പൊട്ടിത്തെറിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചതാകാമെന്നും വിലയിരുത്തൽ വരുന്നുണ്ട്. ഇതാണ് നടന്നതെങ്കിൽ സ്വന്തം ബാറ്ററിയുള്ള ഏത് ഇലക്ട്രോണിക് ഉപകരണത്തെയും ഭാവിയിൽ സ്ഫോടകവസ്തുവായി മാറ്റാനുള്ള അപകടകരമായ സാധ്യതയാണ് തുറന്ന് വരുന്നത്. തായ്വാൻ ആസ്ഥാനമായ ഗോൾഡ് അപ്പോളോ എന്ന കമ്പനിയുടെ പേജറുകളാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം.

ആരോപണം ഇസ്രയേലിന് നേർക്ക് ഉന്നയിച്ച് ഹിസ്ബുല്ല മുന്നറിയിപ്പ് നൽകുമ്പോൾ മധ്യേഷ്യ വീണ്ടും കലുഷിതമാകുമെന്ന ആശങ്കയാണ് ഉയരുന്നത്. ഇറാൻ പിന്തുണയുള്ള ലെബനീസ് സായുധ സംഘമാണ് ഹിസ്ബുല്ല. മൊബൈൽ ഫോണുകൾ ഉപയോഗിച്ചാൽ ശത്രുവിന് ലൊക്കേഷൻ കണ്ടെത്തി ആക്രമിക്കാൻ എളുപ്പമാകുമെന്ന് കരുതിയാണ് പഴയകാല പേജർ യന്ത്രങ്ങൾ ഹിസ്ബുല്ല ഇപ്പോഴും ഉപയോഗിക്കുന്നത്. ഇത്തരത്തിൽ ആയിരക്കണക്കിന് യന്ത്രങ്ങളാണ് ഒരേസമയം കൂട്ടത്തോടെ പൊട്ടിത്തെറിച്ചത്. ഇതോടെ ഹിസ്ബുല്ലയുടെ ആശയവിനിമയ ശൃംഖല തകർക്കപ്പെട്ടു. തീർത്തും അപ്രതീക്ഷിതവും ഇതുവരെ ഉണ്ടായിട്ടില്ലാത്തതുമായ ഈ ആക്രമണം ആസൂത്രിതമെന്നാണ് ഹിസ്ബുല്ല വിലയിരുത്തുന്നത്.

Top Selling AD Space

You may also like

error: Content is protected !!