മഴ പെയ്തു തീർന്ന ഒരു രാത്രി. ഗ്രാമത്തിന്റെ അറ്റത്തുള്ള പഴയ ആൽമരത്തിന്റെ ചുവട്ടിൽ, കാലം മറന്നുവെച്ച ഒരു നിശബ്ദത ഇരിക്കുന്നുണ്ടായിരുന്നു. നനഞ്ഞ മണ്ണിന്റെ ഗന്ധം കാറ്റിൽ. അകലെ പുഴ ഒഴുകുന്നു ആരോടും പരിഭവമില്ലാതെ.
ആ സുന്ദരമായ ഗ്രാമത്തിലാണ് വൃന്ദാവനം വീട്.
വീട്ടിൽ നിന്നൽപ്പം മാറി തേയിലത്തോട്ടങ്ങളും ഏലത്തോട്ടങ്ങളും പരന്നു കിടക്കുന്നു.
ഒട്ടനവധി സ്ഥാപനങ്ങളുടെയും എസ്റ്റേറ്റുകളുടെയും ഉടമയായിരുന്ന കിഷോർ മേനോന്റെയും രേവതിയമ്മയുടെയും ഏകമകനാണ് ഹർഷൻ മേനോൻ. ഹർഷൻ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിംഗ് ഡയറക്ടർ.
കാണാൻ അതിസുന്ദരൻ. വെളുത്തു തുടുത്ത മുഖം, ആരെയും ആകർഷിക്കുന്ന വിനയം, സൗമ്യമായ പതിഞ്ഞ സംസാരം.
അവന്റെ സ്ഥാപനത്തിന്റെ തൊട്ടടുത്താണ് നഗരത്തിലെ കോളേജ്. അവിടെ ലക്ചറായ മഹേശ്വരിയുടെ ഏകമകൾ തൻവി പഠിക്കുന്നു. ബാങ്ക് മാനേജ്മെന്റ് വിദ്യാർത്ഥിനി. ദേവാംഗനയെപ്പോലെ സുന്ദരി.
തൻവിയുടെ അച്ഛൻ ചെറുപ്പത്തിലേ മരിച്ചു. അതൊരു അപകടമരണമായിരുന്നില്ല, ആരോ കരുതിക്കൂട്ടി ചെയ്ത കൊലപാതകമായിരുന്നു എന്ന് നാട്ടിൽ പറച്ചിലുണ്ടായിരുന്നു. പക്ഷേ സാക്ഷികളില്ലാത്തതിനാൽ കേസ് മൂടിപ്പോയി.
കാലം മുന്നോട്ട് നീങ്ങി.
ഒരു ദിവസം കോളേജിന്റെ ഗേറ്റിനു മുന്നിൽ സ്കൂട്ടിയിൽ നിന്നിറങ്ങുന്ന തൻവിയെ ഹർഷൻ കാണാനിടയായി. ഒരു നിമിഷം. ആ ഒരു കാഴ്ചയിൽ, ഹർഷന്റെ ഹൃദയകോവിലിൽ അജ്ഞാതമായ പ്രത്യാശകൾ പുതിയ ദീപം കൊളുത്തിയതുപോലെ തോന്നി. ജീവിതത്തിന്റെ വഴിത്താരയിൽ പുത്തൻ കിനാക്കൾ മൊട്ടിട്ടതുപോലെ.
പിന്നീട് ഹർഷന് ഉറക്കമില്ലാത്ത രാത്രികളായിരുന്നു. ആരാണവൾ? വീടെവിടെയാണ്? എങ്ങനെയും അവളെക്കുറിച്ച് അറിയണം. അവന്റെ അന്വേഷണം വിജയിച്ചു.
നഗരത്തിൽ വെച്ച് ഒരു ദിവസം അവർ വീണ്ടും കണ്ടുമുട്ടി. പരിചയപ്പെട്ടു. ആ പരിചയം പതിയെ ഒരു നിത്യസന്ദർശനമായി. പിന്നെ പ്രണയമായി.
നിലാവും നിഴലും കഥ പറഞ്ഞു. പൂക്കളും വണ്ടുകളും പരസ്പരം ചുംബിച്ചു. അവരുടെ അനുരാഗം പുഴപോലെ ഒഴുകി. ഒരിക്കലും വേർപിരിയാനാകാത്ത വിധം.
ഒരു സായംസന്ധ്യയിൽ, ചുവപ്പ് രാശി പടർന്ന പുഴയോരത്തെ പൂഴിമണലിലൂടെ അവർ നടന്നു. ആ കാഴ്ച അകലെ നിന്ന് രണ്ടു കണ്ണുകൾ ഒളിഞ്ഞു നോക്കുന്നുണ്ടെന്ന് അവരറിഞ്ഞില്ല.
അത് തൻവിയുടെ അമ്മാമന്റെ മകൻ ഭരത് ആയിരുന്നു. ജോലിയും കൂലിയുമില്ലാതെ അലഞ്ഞു നടക്കുന്നവൻ. തൻവി തനിക്കുള്ളതാണെന്ന് വ്യാമോഹിച്ചവൻ. ആ കുടക്കീഴിൽ ചേർന്നു നടക്കുന്ന അവരെ കണ്ടപ്പോൾ, ഭരതിന്റെ കണ്ണുകളിൽ പകയുടെ നാമ്പുകൾ പൊട്ടിവിടർന്നു.
മാസങ്ങൾ കടന്നുപോയി. തൻവിക്ക് വിവാഹാലോചനകൾ വന്നുകൊണ്ടിരുന്നു. ഓരോ കാരണം പറഞ്ഞ് അവൾ എല്ലാം ഒഴിവാക്കി. അവൾ ഹർഷനു വേണ്ടി മാത്രം കാത്തിരുന്നു.
ഒടുവിൽ ഒരു ഞായറാഴ്ച, ഹർഷൻ അച്ഛനമ്മമാരോടൊപ്പം തൻവിയുടെ വീട്ടിലെത്തി വിവാഹക്കാര്യം സംസാരിച്ചു. രണ്ടു കൂട്ടരും മക്കളുടെ ആഗ്രഹത്തിന് എതിരു നിന്നില്ല. വിവാഹം നിശ്ചയിക്കപ്പെട്ടു.
അടുത്ത ദിവസം തന്നെ അതിഗംഭീരമായി വിവാഹവും നടന്നു. തിരകളും അലകളുമില്ലാതെ, സന്തോഷത്തോടെ ആ ജീവിതം മുന്നോട്ട് നീങ്ങി.
അതിനിടയിലാണ് ആ ഞെട്ടിക്കുന്ന സംഭവം.
ഹർഷന്റെ പ്രധാന സ്ഥാപനത്തിന് ആരോ തീയിട്ടിരിക്കുന്നു. മിക്കവാറും കത്തി നശിച്ചു. ഫയർ എൻജിനും പോലീസും സ്ഥലത്തെത്തി. കോടിക്കണക്കിന് രൂപയുടെ നഷ്ടം.
പോലീസ് ഊർജിതമായ അന്വേഷണം തുടങ്ങി. ഇത് ആരുടെയോ കരുതിക്കൂട്ടിയുള്ള ചെയ്തിയാണെന്ന് അവർ ഉറപ്പിച്ചു. ഓരോരുത്തരെയായി ചോദ്യം ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് ഒരു പയ്യൻ അവരുടെ അരികിലേക്ക് ഓടിയെത്തിയത്.
അവൻ ഐ.എ.എസിന് പഠിക്കുന്ന വിദ്യാർത്ഥിയായ നവീൻ ആയിരുന്നു. സംഭവം നടക്കുന്നതിന്റെ തൊട്ടുമുമ്പ് അവിടെ നടന്നു പോകുമ്പോൾ, സംശയാസ്പദമായ സാഹചര്യത്തിൽ ഒരാൾ ഓടിപ്പോകുന്നത് കണ്ട് അവൻ മൊബൈലിൽ ഷൂട്ട് ചെയ്തിരുന്നു.
ആ വീഡിയോയിൽ കുറ്റവാളിയുടെ മുഖം തെളിഞ്ഞു കാണാമായിരുന്നു.
പോലീസ് ആ ഫോട്ടോ വെച്ച് അന്വേഷണം എളുപ്പത്തിലാക്കി. കുറ്റവാളി മറ്റാരുമായിരുന്നില്ല. തൻവിയുടെ അമ്മാമന്റെ മകൻ ഭരത് തന്നെ. തൻവിയെ ഹർഷൻ വിവാഹം കഴിച്ചതിന്റെ പക തീർക്കാനായിരുന്നു ആ തീവെപ്പ്.
പോലീസുകാർ അവനെ വിലങ്ങുവെച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ഗ്രാമം വീണ്ടും നിശബ്ദമായി. പക്ഷേ ഇത്തവണ ആ നിശബ്ദതയ്ക്ക് ഒരു സാക്ഷിയുണ്ടായിരുന്നു. സത്യത്തിന് വേണ്ടി മൊബൈൽ ക്യാമറ ഓൺ ചെയ്ത ഒരു വിദ്യാർത്ഥി. ഏകസാക്ഷി.
ശ്യാമള ഹരിദാസ്


