Saturday, July 19, 2025
Mantis Partners Sydney
Home » നിയുക്ത കർദ്ദിനാൾ മോൺ. ജോർജ് ജേക്കബ് കൂവക്കാട് പുതുപ്പള്ളി പള്ളി സന്ദർശിച്ചു.
മോൺ. ജോർജ് ജേക്കബ് കൂവക്കാട് പുതുപ്പള്ളി പള്ളി സന്ദർശിച്ചു.

നിയുക്ത കർദ്ദിനാൾ മോൺ. ജോർജ് ജേക്കബ് കൂവക്കാട് പുതുപ്പള്ളി പള്ളി സന്ദർശിച്ചു.

കേരളത്തിലെ കത്തോലിക്ക സഭയിൽ നിന്നാദ്യമായാണ് ഒരു വൈദികൻ കർദ്ദിനാൾ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്നത്.

by Editor

പുതുപ്പള്ളി: നിയുക്ത കർദ്ദിനാൾ മോൺ. ജോർജ് ജേക്കബ് കൂവക്കാട് പൗരസ്ത്യ ജോർജിയൻ തീർഥാടന കേന്ദ്രമായ പുതുപ്പള്ളി സെന്റ്റ് ജോർജ് ഓർത്തഡോക്സ് പള്ളി സന്ദർശിച്ചു. ഇന്നലെ വൈകിട്ട് അഞ്ചിനു പള്ളിയിലെത്തിയ മോൺ.ജോർജ് കൂവക്കാട് പുതുപ്പള്ളി പള്ളിയുടെ മദ്ബഹയിൽ പ്രവേശിച്ച് പ്രാർഥിച്ചു. “ആദ്യമായിട്ടാണ് ഈ ദേവാലയത്തിലെ പരിശുദ്ധമായ സ്ഥലത്ത് പ്രവേശിക്കാൻ ഭാഗ്യം ലഭിക്കുന്നത്. ഏറെ ആത്മീയാനുഭവം ദേവാലയത്തിൽനിന്നു ലഭിക്കുന്നു. പ്രാർഥനകളെല്ലാം പ്രത്യേകമായി പുതുപ്പള്ളി പള്ളി യുടെ മദ്ബഹായിൽ സമർപ്പിക്കുന്നു“ – അദ്ദേഹം പറഞ്ഞു.

മാർപാപ്പ നേരിട്ട് കർദിനാൾ ആയി നിയമിച്ച മോൺസിഞ്ഞോർ ജോർജ് കൂവക്കാടിനെ മെത്രാനായി വാഴിച്ചത് ഇക്കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു. മാർപാപ്പയുടെ യാത്രകളുടെ മേൽനോട്ടം വഹിക്കുന്ന ചങ്ങനാശ്ശേരിക്കാരനായ മോൺ. ജോർജ് ജേക്കബ് കൂവക്കാടിന്റേത് അസാധാരണമായൊരു ജീവിതയാത്രയാണ്. അദ്ദേഹത്തിൻ്റെ ജീവിതത്തിലെ മിക്ക സ്ഥാന ലബ്ധികളിലും ഇത്തരം അസാധാരണത്വം കാണാൻ കഴിയും. കേരളത്തിലെ കത്തോലിക്ക സഭയിൽ നിന്നാദ്യമായാണ് ഒരു വൈദികൻ കർദ്ദിനാൾ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്നത്. 1999-ൽ വളരെ യാദൃഛികമായിട്ടാണ് കൂവക്കാടിനെ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവത്തിൽ റോമിലേക്ക് അയക്കുന്നത്. വത്തിക്കാനിലെ നയതന്ത്രവിഭാഗത്തില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന മോൺ. ജോർജ് കൂവക്കാട് 2021 മുതല്‍ ഫ്രാന്‍സിസ് മാർപാപ്പയുടെ വിദേശ അപ്പസ്തോലിക യാത്രകളുടെ മുഖ്യസംഘാടകനാണ്. 1973 ഓഗസ്റ്റ് 11ന് ചങ്ങനാശേരി അതിരൂപതയിലെ മാമ്മൂട് ലൂര്‍ദ് മാതാ ഇടവകയിൽ കൂവക്കാട് ജേക്കബ് വര്‍ഗീസ് – ത്രേസ്യാമ്മ ദമ്പതികളുടെ മകനായാണ് ജനനം. നിലവിൽ കേരളത്തിൽ നിന്നുള്ള പ്രായം കുറഞ്ഞ കർദിനാളാണ് 51കാരനായ മോൺ. കൂവക്കാട്.

വത്തിക്കാനിലെ വിദ്യാഭ്യാസം പൂർത്തിയാക്കി മടങ്ങിയെത്തിയ അദ്ദേഹത്തെ 2004 ല്‍ ചങ്ങനാശേരി അതിരൂപത വൈദികനായി നിയമിച്ചു. തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസത്തിനായി വീണ്ടും വത്തിക്കാനിലെത്തി. പഠനം പൂര്‍ത്തിയാക്കിയ ശേഷം വത്തിക്കാനിൽ നയതന്ത്ര സേവനത്തിനായി തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് വിവിധ രാജ്യങ്ങളിലെ വത്തിക്കാന്‍ പ്രതിനിധികേന്ദ്രങ്ങളില്‍ പ്രവർത്തിച്ചു.

സാധാരണ ഗതിയിൽ മെത്രാന്മാരെയാണ് കർദിനാളായി വാഴിക്കുന്നത്. എന്നാൽ ഫ്രാൻസിസ് മാർപ്പാപ്പ വൈദികനായ കൂവക്കാടിനെ സഭയുടെ രാജകുമാരൻ എന്ന് വിളിക്കുന്ന കർദ്ദിനാൾ പദവിയിലേക്ക് നേരിട്ട് നിയമിക്കുകയായിരുന്നു. ഇത് അത്യപൂർവമായ നടപടിയാണ്. ഡിസംബര്‍ എട്ടാം തീയതിയാണ് മോൺ. കൂവക്കാട് അടക്കം 21 കര്‍ദിനാൾമാരുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ വത്തിക്കാനിൽ നടക്കുന്നത്.

Send your news and Advertisements

You may also like

error: Content is protected !!