റഷ്യ യുക്രൈൻ യുദ്ധം തുടങ്ങി 996 ദിവസം പിന്നിടുമ്പോഴും സംഘർഷത്തിനു യാതൊരു അയവുമില്ല. യുക്രെയ്‌നിന്റെ ഊര്‍ജ സംവിധാനങ്ങളെയും സാധാരണക്കാരെയും ലക്ഷ്യമിട്ട് റഷ്യ കഴിഞ്ഞ രാത്രിയില്‍ നടത്തിയ ആക്രമണത്തില്‍ 120 മിസൈലുകളും 90 ഡ്രോണുകളും ഉപയോഗിച്ചെന്നാണ് കണക്കുകള്‍. ആക്രമണങ്ങളില്‍ എട്ട് പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇരുപതിലധികം പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകള്‍, ഡ്രോണുകള്‍ എന്നിവ ഉപയോഗിച്ചുള്ള വ്യാപകമായ ആക്രമണമാണ് റഷ്യ നടത്തിയത് എന്നാണ് യുക്രെയ്ന്‍ എയര്‍ ഫോഴ്‌സ് നല്‍കുന്ന വിശദീകരണം. യുക്രെയ്ന്‍ സൈന്യവുമായും ഇവര്‍ക്ക് സഹായം നല്‍കുന്നതുമായ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത് എന്നാണ് റഷ്യയുടെ വിശദീകരണം. യുക്രെയ്ന്‍ പ്രസിഡന്റ് വളൊഡിമിര്‍ സെലന്‍സ്‌കിയുടെ നാടായ ക്രൈവി റിഹ്, ഒഡേസ മേഖലയിലാണ് വ്യാപകമായ ആക്രമണങ്ങള്‍ നടന്നത് എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
റഷ്യ – യുക്രെയ്ന്‍ യുദ്ധത്തില്‍ സിവിലിയന്‍ മാര്‍ വ്യാപകമായി ആക്രമിക്കപ്പെടുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പുതിയ ആക്രമണ വാര്‍ത്തകള്‍ പുറത്തുവരുന്നത്. യുക്രെയ്ന്‍ നഗരമായ കഴ്‌സണില്‍ മാത്രം കഴിഞ്ഞ ജൂലായ് ഒന്ന് മുതല്‍ 30 സിവിലിയന്‍മാരെങ്കിലും ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു. യുക്രയ്‌നിലെ ആകെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇക്കാലയളവില്‍ അയ്യായിരത്തില്‍ അധികം ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടാവുകയും നാന്നൂറിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 622 കുട്ടികള്‍ ഉള്‍പ്പെടെ 11,973 സാധാരണക്കാര്‍ ഇതുവരെ യുക്രൈനിൽ കൊല്ലപ്പെട്ടതായി യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് അറിയിച്ചു.
അതിനിടെ റഷ്യക്കെതിരെ ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കുന്നതില്‍ യുക്രൈനു മേല്‍ ഏര്‍പ്പെടുത്തിയ വിലക്ക് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ നീക്കി. വരുന്ന ദിവസങ്ങളിൽ റഷ്യയ്‌ക്കെതിരെ ആദ്യമായി ദീർഘദൂര ആക്രമണങ്ങൾ നടത്താൻ യുക്രെയ്ൻ പദ്ധതിയിടുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് യുഎസിന്റെ നിലപാടുമാറ്റം. യുദ്ധമവസാനിപ്പിക്കാന്‍ മുന്‍കൈയെടുക്കുമെന്ന നിയുക്ത യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിനിടെയാണ് പുതിയ നീക്കമെന്നതും ശ്രദ്ധേയമാണ്. യുക്രെയ്ൻ യുദ്ധമുഖത്ത് റഷ്യയ്ക്കൊപ്പം ഉത്തര കൊറിയൻ സൈനികരെ വിന്യസിച്ച നീക്കത്തിനു പിന്നാലെയാണ് യുക്രെയ്ന് സഹായകരമായ യൂഎസിന്റെ നീക്കം.