2013 സെപ്റ്റംബർ 5 -ന് ഫ്രാൻസിസ് മാർപാപ്പയെ മുൻ കൂട്ടിയുള്ള അപ്പോയ്ന്റ്മെന്റ് ഇല്ലാതെ കാണാൻ ഉള്ള അവസരമുണ്ടായി. പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ ബാവ വത്തിക്കാൻ സന്ദർശിക്കുന്ന വേളയിൽ ആ പരിശുദ്ധ പിതാവിനെ കാണാൻ റോമിൽ താമസിക്കുന്ന ഓർത്തഡോക്സ് സഭാ അംഗങ്ങൾക്ക് മുൻകൂർ നിശ്ചയപ്രകാരം ഉള്ള അവസരം ഉണ്ടായിരുന്നു. അങ്ങനെ ഞങ്ങൾ 7-8 പേര് വത്തിക്കാനിൽ ഡോമുസ് സാന്ത മാർത്തയിൽ എത്തി (അവിടെ ആണ് പരിശുദ്ധ ബാവയും സംഘവും താമസിച്ചിരുന്നത്. മാർപാപ്പയും അവിടെ തന്നെയാണ് താമസം). പ്രവേശനകവാടത്തിൽ ഉള്ള സെക്യൂരിറ്റി ഉദ്യോഗസ്ഥരോട് വിവരം പറഞ്ഞപ്പോൾ അകത്ത് നിന്ന് ഒരു പുരോഹിതൻ വന്നു ഞങ്ങളെ കൂട്ടികൊണ്ട് പോയി. അവിടുത്തെ ഗസ്റ്റ് റൂമിൽ ഇരുന്ന് ബാവയെയും കൂടെ ഉണ്ടായിരുന്ന (L. L.) H. G. തോമസ് മാർ അത്തനസിയോസ്, H. G. Dr. മാത്യൂസ് മാർ തിമോത്തിയോസ് എന്നീ പിതാക്കന്മാർ അന്നത്തെ സഭാ സ്ഥാനികൾ, വന്ദ്യ K. M. ജോർജ് അച്ചൻ etc.. തുടങ്ങിയവർ എല്ലാവരുമായി സംസാരിച്ചു. ഉച്ചക്ക് 12:30 ആകാറായപ്പോൾ ഞങ്ങൾ മടങ്ങി പോകാൻ തയ്യാറായി നിൽക്കുമ്പോൾ പെട്ടെന്ന് അവിടെ ഉള്ള സെക്യൂരിറ്റി സ്റ്റാഫ് അലെർട് ആകുന്നത് കണ്ടു. ഈ സമയം ഞങ്ങൾ വത്തിക്കാന്റെ സഭാന്തര ബന്ധങ്ങളുടെ തലവൻ കാർഡിനാൾ കേസ്പർ, കാർഡിനാൾ കുർഡ് കൂക്ക് എന്നിവരുമായി സംസാരിച്ചു നിൽക്കുകയായിരുന്നു. കാര്യം അന്വേഷിച്ചപ്പോൾ, മാർ പാപ്പാ വരുന്നു എന്ന് വിവരം ലഭിച്ചു.
അപ്രതീക്ഷിതമായി ഉണ്ടായ ആ സന്ദർഭത്തിൽ ഞങ്ങൾ എല്ലാവരും വിസ്മത്തിന്റെ പാരമ്യതയിൽ ആയിരുന്നു. ഞങ്ങൾ നോക്കി നിൽക്കെ ലിഫ്റ്റിന്റെ വാതിൽ തുറക്കുകയും സുസ്മേര വേദനനായി പോപ്പ് ഫ്രാൻസിസ് ഞങ്ങളുടെ അടുത്തേക്ക് വരികയും ഞങ്ങളെ അഭിവാദ്യം ചെയ്യുകയും ഞങ്ങൾ തിരിച്ചു അഭിവാദ്യം ചെയ്യുകയും ചെയ്തു. തുടർന്ന് അവിടെ ഉള്ള പേപ്പൽ ചാപ്പലിൽ (പാപ്പയുടെ സ്വകാര്യ ചാപ്പൽ) അദ്ദേഹം പ്രാർഥനക്കായി കയറി. സെക്യൂരിറ്റി സ്റ്റാഫിന്റെ അനുവാദത്തോടെ ഞങ്ങൾക്കും ചാപ്പലിൽ അദ്ദേഹത്തോടൊപ്പം മാറ്റാരുടെയും (സെക്യൂരിറ്റി സ്റ്റാഫിന്റെ പോലും) സാന്നിധ്യം ഇല്ലാതെ സമയം ചിലവഴിക്കാൻ സാധിച്ചു. (പക്ഷെ ഫോട്ടോ എടുക്കരുത് എന്ന കർശന നിർദ്ദേശം ഉണ്ടായിരുന്നു. പ്രൈവറ്റ് ചാപ്പലിൽ മറ്റുള്ളവർക്ക് പ്രവേശനം ഇല്ലാത്തത്തിന്റെയും സെക്യൂരിറ്റിയുടെയും പേരിൽ ആകാം ആ നിയന്ത്രണം) പ്രാർഥനക്ക് ശേഷം പരിശുദ്ധ ബാവയോടൊപ്പം ഉച്ചഭക്ഷണത്തിനായി പാപ്പാ പ്രവേശിച്ചു. ഞങ്ങൾ മടങ്ങി പോരുകയും ചെയ്തു.
ഒരു രാഷ്ട്രതലവൻ എന്ന നിലയിൽ ഉള്ള എല്ലാ പ്രോട്ടോകോളുകളും സെക്യൂരിറ്റി സംവിധാനങ്ങളും ഉള്ള വ്യക്തി ആണ് മാർ പാപ്പാ. എന്നാൽ അതെല്ലാം നിഷ്പ്രഭമാക്കിയ സന്ദർഭം ആയിരുന്നു പരിശുദ്ധ പൗലോസ് ദ്വിതീയൻ ബാവയുടെ വത്തിക്കാൻ സന്ദർശനവും അതുവഴി ഉള്ള ഞങ്ങളുടെ പാപ്പാ സന്ദർശനവും. (ഔദ്യോഗിക വിടവാങ്ങലുകൾ എല്ലാം കഴിഞ്ഞിട്ടും 2013 സെപ്റ്റംബർ 6 -നു അതിരാവിലെ 5 മണിക്ക് എയർപോർട്ടിൽ പോകാൻ കാറിൽ കയറാൻ വന്ന പൗലോസ് ദ്വിതീയൻ ബാവയെ യാത്ര അയക്കാൻ എല്ലാ പ്രോട്ടോകൊളുകളും മാറ്റി മാർപ്പാപ്പ, ഡോമുസ് സാന്താ മാർത്ഥയുടെ പോർട്ടിക്കോയിൽ കാത്ത് നിന്നത് വത്തിക്കാന്റെ ചരിത്രത്തിലെ ആദ്യ – ഏക – സംഭവം)
എളിമയാർന്ന ഒരു ആത്മീയ പിതാവിന്റെ സ്നേഹപൂർണ്ണമായ സന്ദർശനത്തിന്റെ ഓർമ്മയിൽ ആ ധന്യത്മാവിന്റെ സ്മരണകൾക്ക് മുൻപിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു
ജിജി റോം