കാൻബറ: തിരഞ്ഞെടുപ്പ് ചൂടിലേക്ക് ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയയുടെ 48-ാമത് പാർലമെന്റിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി ഓസ്‌ട്രേലിയൻ ഫെഡറൽ തിരഞ്ഞെടുപ്പ് 2025 മെയ് 3 ശനിയാഴ്ച നടക്കും. പ്രതിനിധിസഭയിലെ 150 സീറ്റുകളിലേക്കും സെനറ്റിലെ 76 സീറ്റുകളിൽ 40 സീറ്റുകളിലേക്കും ആണ് മത്സരം നടക്കുന്നത്.
ഓസ്‌ട്രേലിയയിൽ ഫെഡറൽ തിരഞ്ഞെടുപ്പ് മേയ് 3-ന് ആണെങ്കിലും നാളെ മുതൽ ആളുകൾക്ക് ‘ഏർലി വോട്ടിംഗ്’ സൗകര്യം ഉപയോഗിച്ച് വോട്ട് ചെയ്തു തുടങ്ങാം. അതുകൂടാതെ പോസ്റ്റൽ വോട്ട് ചെയ്യാനും സാധിക്കും.
വോട്ടെടുപ്പ് തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ പ്രധാന രാഷ്ട്രീയ പാർട്ടികൾ അവരുടെ പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കുകയാണ്. പ്രധാനമന്ത്രി ആന്റണി അൽബനീസി (ലേബർ പാർട്ടി) രണ്ടാം കാലാവധി നേടാൻ ശ്രമിക്കുമ്പോൾ, പ്രതിപക്ഷ നേതാവ് പീറ്റർ ഡട്ടൺ (ലിബറൽ-നാഷണൽ കോളിഷൻ) ഭരണത്തിലേക്ക് മടങ്ങാൻ ശ്രമിക്കുന്നു. ഇതുകൂടാതെ നിരവധി ചെറിയ പാർട്ടികളും സ്വതന്ത്രരും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്.
2022 മെയ് മാസത്തിൽ നടന്ന മുൻ തിരഞ്ഞെടുപ്പിൽ, ആന്റണി അൽബനീസിന്റെ നേതൃത്വത്തിലുള്ള ലേബർ പാർട്ടി, പ്രതിനിധി സഭയിൽ 77 സീറ്റുകൾ നേടി അധികാരത്തിൽ വരുകയായിരുന്നു. അതിനു മുമ്പ് ഭരിച്ചിരുന്ന ലിബറൽ-നാഷണൽ കോയലിഷൻ പാർട്ടിക്ക് 58 സീറ്റുകൾ മാത്രം നേടാനെ സാധിച്ചുള്ളൂ. മറ്റ് പാർട്ടികളും സ്വതന്ത്രരും ചേർന്ന് 16 സീറ്റുകളും നേടിയിരുന്നു.