മെൽബൺ: ഈസ്റ്റർ തരുന്ന ഏറ്റവും വലിയ സന്ദേശം പ്രതീക്ഷയാണെന്നും ദൈവം നമ്മെ ഒരിക്കലും നിരാശരാക്കില്ലെന്നും ഈസ്റ്റർ ദിന സന്ദേശത്തിൽ മെൽബൺ സീറോ മലബാർ രൂപത ബിഷപ്പ് മാർ ജോൺ പനന്തോട്ടത്തിൽ. മെൽബൺ സെൻ്റ് അൽഫോൺസ കത്തീഡ്രലിൽ നടന്ന ഈസ്റ്റർ ദിന തിരുക്കർമ്മങ്ങളിൽ വചന സന്ദേശം നൽകുകയായിരുന്നു മാർ ജോൺ പനന്തോട്ടത്തിൽ.
‘വീ ആർ ദ ഈസ്റ്റർ പീപ്പിൾ ആൻഡ് ഹാലേലുയ്യ ഈസ് ഔർ സോങ്’ സെൻ്റ് അഗസ്റ്റിൻ ഈസ്റ്ററിനെക്കുറിച്ച് പറഞ്ഞ മനോഹരമായ വാക്കുകളാണിത്. നമ്മൾ ഈസ്റ്റർ ജനമാണ് നമ്മുടെ ജീവിതവും പാട്ടും ഹല്ലെലൂയ്യാ എന്നാണ്. ഈസ്റ്ററിൽ നമ്മുടെ മനസിൽ നിറഞ്ഞ് നിൽക്കേണ്ട ഒരു കാര്യം ഹാലേലുയ്യ തന്നെയാണെന്നും ബിഷപ്പ് പറഞ്ഞു.
ക്രിസ്ത്യാനിയുടെ ഏറ്റവും വലിയ ആഘോഷം ഈസ്റ്ററാണ്. നമ്മളെ എന്തുകൊണ്ടാണ് ഈസ്റ്റർ ജനം എന്ന് വിശേഷിപ്പിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ എന്ന് ബിഷപ്പ് ചോദിച്ചു. നമ്മൾ യേശുവിൻ്റെ ഉത്ഥാനത്തിൽ വിശ്വസിക്കുന്നു എന്നതാണ് അതിനുള്ള ആദ്യത്തെ ഉത്തരം. ഈശോ ഉത്ഥിതനായിട്ടില്ലെങ്കിൽ നമ്മുടെ വിശ്വാസം വ്യർത്ഥമാണ്. ഒരാളും ദേവാലയത്തിൽ വരില്ല. രണ്ടാമത്തെ ഉത്തരം നമ്മുടെ ഉത്ഥാനത്തിൽ നാം വിശ്വസിക്കുന്നു എന്നതാണ്. മൂന്നാമത്തെ ഉത്തരം സ്വർഗത്തിൽ നാം വിശ്വസിക്കുന്നു എന്നതാണെന്നും ബിഷപ്പ് പറഞ്ഞു.
മെൽബൺ സെൻ്റ് അൽഫോൺസ കത്തീഡ്രലിൽ നടന്ന ഈസ്റ്റർ തിരുക്കർമ്മങ്ങൾക്ക് മെൽബൺ രൂപത ബിഷപ്പ് മാർ ജോൺ പനന്തോട്ടത്തിൽ മുഖ്യകാർമികത്വം നൽകി. ഫാ. മാത്യു അരീപ്ലാക്കൽ സഹകാർമ്മികനായിരുന്നു. നിരവധി വിശ്വാസികൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു.