ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ യുഎസ് ഫാസ്റ്റ് ഫുഡ് ശൃംഖലയായ കെഎഫ്‌സിയുടെ ഔട്ട്‌ലെറ്റുകൾക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് 178 പേർ അറസ്റ്റിൽ. കെന്‍ററക്കി ഫ്രൈഡ് ചിക്കൻ എന്നറിയപ്പെടുന്ന ലോകപ്രശസ്തമായ അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയുടെ ഭക്ഷണശാലകൾ പാക്കിസ്ഥാനിൽ വ്യാപകമായി ആക്രമിക്കപ്പെടുകയാണ്. ഒട്ടേറെ പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ലാഹോറിൽ ഒരു കെഎഫ്‍സി ജീവനക്കാരനെ അജ്ഞാതർ വെടിവെച്ചു എന്നും റിപ്പോർട്ടുകൾ ഉണ്ട്.
പാക്കിസ്ഥാനിൽ ഉടനീളം കെഎഫ്‍സി ഫ്രൈഡ് ചിക്കൻ ഷോപ്പുകൾക്ക് ഇപ്പോൾ പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിരിക്കുകയാണ്. കറാച്ചി, ലാഹോർ, ഇസ്ലാമാബാദ് തുടങ്ങിയ നഗരങ്ങളിലാണ് ആക്രമണങ്ങൾ നടന്നത്. ഇസ്രായേൽ ഗാസയിൽ നടത്തുന്ന ആക്രമണങ്ങൾക്ക് കെഎഫ്‍സിയുടെ പിന്തുണയുണ്ടെന്നാണ് ആരോപിച്ചാണ് ഈ ആക്രമണങ്ങൾ എല്ലാം നടക്കുന്നത്. ഗാസ അനുകൂല സമരമെന്ന പേരിൽ നടക്കുന്ന നിരവധി പ്രകടനങ്ങൾ അവസാനിക്കുന്നത് കെഎഫ്‍സി ഷോപ്പുകൾ അടിച്ചു തകർത്തുകൊണ്ടാണ്.
മക്‌ഡൊണാൾഡ്സ് കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ റെസ്റ്റോറന്‍റ് ചെയിൻ ആണ് കെഎഫ്‍സി. 150 രാജ്യങ്ങളിലായി മുപ്പതിനായിരം റസ്റ്റോറന്‍റുകളാണ് കമ്പനിക്കുള്ളത്. ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ സത്യത്തിൽ കെഎഫ്‍സിക്ക് ഒരു പങ്കുമില്ല. എന്തായാലും അക്രമ സംഭവങ്ങളോട് ഇതുവരെ കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.