എട്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം ലോകമെങ്ങുമുള്ള ക്രൈസ്‌തവർ ഇന്ന് (2025 ഏപ്രിൽ 20) ഒരുമിച്ച് ഈസ്‌റ്റർ ആഘോഷിക്കുന്നു. ഇതിനു മുൻപ് 2017 ഏപ്രിൽ 16-നാണ് ഇങ്ങനെ വന്നത്. ഇനിയും 2028 ഏപ്രിൽ 16-ന് ഇത് ആവർത്തിക്കും. 2001, 2004, 2007, 2010, 2011, 2014, 2031, 2034, 2037, 2038 തുടങ്ങിയ വർഷങ്ങളിലും ഈസ്‌റ്റർ ഒരുമിച്ചാണ്.
ഇത്യോപ്യ, എറിട്രിയ, ഈജിപ്‌ത്, റഷ്യ, ബലാറസ് (ബൈലോറഷ്യ), ഉക്രയിൻ, കസഖ്‌സ്‌ഥാൻ, മൊൾഡോവ, ജോർജിയ, സെർബിയ, മാസിഡോണിയ, റുമേനിയ, ബൾഗേറിയ, ഗ്രീസ്, സൈപ്രസ്, ടർക്കി, സിറിയാ, ഇസ്രയേൽ, ലബനൻ തുടങ്ങിയ രാജ്യങ്ങളിലെ 20 കോടിയിലധികം ക്രൈസ്‌തവർ മിക്കവർഷവും ഒന്നോ നാലോ അഞ്ചോ ആഴ്‌ചകൾ വൈകിയാണ് ഈസ്‌റ്റർ ആഘോഷിക്കുന്നത്.
മലങ്കര, അർമേനിയൻ, ഫിന്നിഷ് എന്നിവ ഒഴികെയുള്ള ഓർത്തഡോക്‌സ് സഭകളും ചില രാജ്യങ്ങളിൽ കത്തോലിക്കരും ജൂലിയൻ കലണ്ടർ പ്രകാരമുള്ള ഈസ്‌റ്റർ തീയതി നിശ്ചയിക്കുന്നതാണു കാരണം. മറ്റുള്ളവർ ഗ്രിഗോറിയൻ കലണ്ടർ അടിസ്‌ഥാനമാക്കി ഈസ്‌റ്റർ ആഘോഷിക്കുന്നു. ക്രിസ്‌മസ് ആഘോഷത്തിനും ഇതുപോലെ തീയതി വ്യത്യാസമുണ്ട് (ഡിസംബർ 25, ജനുവരി 6, 7, 19).
വസന്തവിഷുവം ആയ മാർച്ച് 21-നോ അതിനുശേഷമോ വരുന്ന പൗർണമിയുടെ പിറ്റേ ഞായറാഴ്‌ചയാണ് ഈസ്‌റ്റർ. ഈ പൗർണമി (പെസഹാചന്ദ്രൻ) ഞായറാഴ്‌ച വന്നാൽ ഈസ്‌റ്റർ അതിനടുത്ത ഞായറാഴ്‌ചയായിരിക്കും.
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഈസ്‌റ്റർ വരാവുന്ന ഏറ്റവും നേരത്തെയുള്ള തീയതി മാർച്ച് 22–ം (1598, 1693, 1761, 1818, 2285) വൈകിയുള്ള തീയതി ഏപ്രിൽ 25–ം (1666, 1734, 1886, 1943, 2038, 2190, 2258) ആണ്.
കേരളത്തിലെ പല സഭകളും 1952 – 1953 കാലത്താണ് ഗ്രിഗോറിയൻ കലണ്ടർ സ്വീകരിച്ചത്. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ പാത്രിയര്‍ക്കീസ് പക്ഷം (ബാവാകക്ഷി- യാക്കോബായ) 1952 ഡിസംബര്‍ 15 -ന് യല്‍ദോ നോമ്പാരംഭത്തിനും (പ. അപ്രേം പ്രഥമന്‍ ബാവായുടെ കല്‍പന നമ്പര്‍ 620/05-11-1952), കാതോലിക്കാപക്ഷം (മെത്രാന്‍ കക്ഷി- ഓർത്തഡോക്സ് ) 1953 മേയ് 14-ന് സ്വര്‍ഗാരോഹണ പെരുന്നാളിനുമാണ് (പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ കല്‍പന നമ്പര്‍ 59/16-04-1953) ഗ്രിഗോറിയന്‍ കലണ്ടര്‍ (പുതിയ രീതി) സ്വീകരിച്ചത്.
യഹൂദന്മാരുടെ പെസഹാ പെരുനാളും ഇത്തവണ ഈസ്‌റ്ററിനോടൊപ്പം വരുന്നു. ഏപ്രിൽ 12 വൈകുന്നേരം മുതൽ 20 വരെയാണ് ഈ വർഷത്തെ പെസഹാ പെരുനാൾ.
Verghis John Thottappuzha
+91 9446412907