ലോകത്തിൽ ആദ്യമായി എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച സിനിമ റിലീസിനൊരുങ്ങുന്നു. കന്നഡ ചിത്രമായ ലവ് യു ആണ് റിലീസിന് ഒരുങ്ങുന്നത്. അഭിനേതാക്കളും ഛായാഗ്രാഹകനും സംഗീത സംവിധായകനും ആരുമില്ലാതെ പൂർണമായും എഐ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ചിത്രം നിർമിച്ചിരിക്കുന്നത്. എസ് നരസിംഹ മൂർത്തിയാണ് സിനിമ സംവിധാനം ചെയ്യുന്നത്.
സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ഔദ്യോഗികമായി ഈ എഐ കന്നഡ സിനിമയ്‌ക്ക് സർട്ടിഫിക്കറ്റ് നൽകിക്കഴിഞ്ഞു. ഓരോ ഫ്രെയിമും പാട്ടും സംഭാഷണങ്ങളും ലിപ് സിങ്കും ക്യാമറ മൂവ്മെന്റും എല്ലാം എഐ ഉപയോഗിച്ച് നിർമിച്ചതാണ്. എഐ സൃഷ്ടിച്ച 12 ഗാനങ്ങളും ചിത്രത്തിലുണ്ട്. പത്ത് ലക്ഷം രൂപ മുതൽമുടക്കിലാണ് ചിത്രം നിർമിച്ചത്. CBFC സർട്ടിഫിക്കറ്റ് ലഭിച്ച ആദ്യത്തെ AI സിനിമ കൂടിയാണ് ലവ് യു’. ഒരു റൊമാന്റിക് ചിത്രമായാണ് ലവ് യു തിയേറ്ററുകളിലെത്തുന്നത്. സിനിമയുടെ റിലീസ് തീയതി ഉടനെ പ്രഖ്യാപിക്കുമെന്ന് സംവിധായകൻ അറിയിച്ചു.