ന്യൂഡൽഹി: ഹൈപ്പർ സോണിക് മിസൈൽ സാങ്കേതിക വിദ്യയിൽ ശക്തരായ അമേരിക്ക, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളുടെ നിരയിലേക്ക് ഇന്ത്യയും. ഡിആര്‍ഡിഒ വികസിപ്പിക്കുന്ന പുതിയ ഹൈപ്പര്‍ സോണിക് ഗ്ലൈഡ് വെഹിക്കിള്‍ ധ്വനി ഇന്ത്യയെ ലോകശക്തിയാക്കാന്‍ പോകുന്നതാണ്. ശബ്ദത്തേക്കാൾ അഞ്ച് മടങ്ങ് വേഗതയിൽ ഇവ പറക്കും.
ഭൗമാന്തരീക്ഷത്തിന് പുറത്തേക്ക് ബൂസ്റ്റർ റോക്കറ്റുകളുടെ സഹായത്തോടെ വിക്ഷേപിക്കുന്ന ‘ധ്വനി’ അവിടെ നിന്ന് സ്വയം ഗ്ലൈഡ് ചെയ്‌തു ലക്ഷ്യ സ്ഥാനത്തേക്ക് കുതിക്കും. സഞ്ചാരത്തിനിടെയിൽ വളഞ്ഞും പുളഞ്ഞും കുത്തനെ ഉയർന്നും താഴ്ന്നുമൊക്കെ സഞ്ചരിക്കുന്നതിനാൽ സാധാരണ മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്ക് ഇതിൻ്റെ സഞ്ചാരപാത കൃത്യമായി നിർണയിക്കാൻ സാധിക്കില്ല. മാത്രമല്ല, ഹൈപ്പർ സോണിക് വേഗതയിൽ സഞ്ചരിക്കുന്നതിനാൽ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാനുള്ള സമയവും കിട്ടില്ല. മാക്ക് 5 അഥവാ ശബ്ദത്തിനേക്കാൾ അഞ്ചു മടങ്ങ് വേഗത്തിലാവും (മണിക്കൂറിൽ 6,200 കിലോ മീറ്റർ) ‘ധ്വനി’ സഞ്ചരിക്കുക. ഇതിൻ്റെ സവിശേഷമായ ഡിസൈൻ ഉയർന്ന ലിഫ്റ്റ് ടു ഡ്രാഗ് അനുപാതം ഉറപ്പാക്കുന്നതിനാൽ വളരെ ദൂരത്തേക്ക് ഒരു വലിയ പേലോഡ് വഹിക്കാനുള്ള ശേഷിയും നൽകുന്നു.
6500 മുതൽ 10,000 കിലോ മീറ്റർ വരെ ദൂരപരിധിയുണ്ടായേക്കാമെന്നാണ് ‘ധ്വനി’യേപ്പറ്റി പുറത്തു വരുന്ന വിവരങ്ങൾ. എന്നു വെച്ചാൽ വടക്കൻ അമേരിക്കയുടെ ചില പ്രദേശങ്ങളിൽ വരെ ആക്രമണം നടത്താൻ സാധിക്കും. പരമ്പരാഗത പോർമുനകൾക്ക് പുറമെ ആണവ പോർമുനകളെ വഹിക്കാനുള്ള ശേഷിയും ‘ധ്വനി’ക്കുണ്ടാകും.