ടെല്‍ അവീവ്: ഇസ്രയേലിലെ പ്രധാന വിമാനത്താവളത്തിൽ ഹൂതികളുടെ മിസൈലാക്രമണം. യെമനില്‍നിന്ന് ഹൂതി വിമതർ തൊടുത്തുവിട്ട ബാലസ്റ്റിക് മിസൈല്‍ ഇസ്രയേലിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ ആണ് പതിച്ചത്. മിസൈലാക്രമണത്തില്‍ ആറോളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ആക്രമണത്തെ തുടര്‍ന്ന് ഇസ്രയേലിലേക്കുള്ള സര്‍വീസുകള്‍ വിവിധ വിമാന കമ്പനികള്‍ റദ്ദാക്കി. വിമാനത്താവളം ഒരു മണിക്കൂറോളം അടച്ചിട്ടിട്ടെങ്കിലും പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടുണ്ട്. വിമാനത്താവളത്തിലേക്കുള്ള പ്രവേശന റോഡിനോട് ചേര്‍ന്നുള്ള പൂന്തോട്ടത്തിലാണ് മിസൈല്‍ പതിച്ചതെന്നാണ് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ആക്രമണം സ്ഥിരീകരിച്ച ഇസ്രല്‍ സൈന്യം (ഐഡിഎഫ്) ഏഴിരട്ടി മടങ്ങില്‍ തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപിച്ചു. സംഭവത്തിന് പിന്നാലെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതിരോധ മന്ത്രിയുമായും ഉന്നത സൈനിക മേധാവികളുമായും ടെലിഫോണില്‍ ചര്‍ച്ച നടത്തി. സുരക്ഷയുമായി ബന്ധപ്പെട്ട മന്ത്രിസഭാ സമിതി യോഗം ചേരും.
വിമാനത്താവളത്തിലുണ്ടായ ഹൂതി മിസൈലാക്രമണത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യ ഡല്‍ഹിയില്‍നിന്ന് ഞായറാഴ്ച ടെല്‍ അവീവിലേക്ക് പുറപ്പെട്ട വിമാനം അബുദാബിയിലേക്ക് വഴിതിരിച്ചുവിട്ടു. മെയ് ആറ് വരെ ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കിയതായും എയര്‍ ഇന്ത്യ അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് എയര്‍ ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു.