കോട്ടയം: തിരുവാതുക്കലിലെ ദമ്പതികളുടെ കൊലപാതകവും വർഷങ്ങൾക്ക് മുമ്പ് നടന്ന മകന്റെ മരണവും തമ്മിൽ ബന്ധം ഉണ്ടോ എന്ന് സംശയം. 8 വർഷം മുൻപ് മകൻ കൊല്ലപ്പെട്ട വിഷയത്തിൽ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. കഴിഞ്ഞ മാസം 21 നാണ് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കൃത്യം ഒരുമാസത്തിന് ശേഷമുള്ള മാതാപിതാക്കളുടെ കൊലപാതകം നിരവധി സംശയങ്ങളാണ് ഉയർത്തുന്നത്. 2017 ജൂൺ മാസത്തിലാണ് വിജയകുമാറിൻ്റെ മകൻ ഗൗതം കൃഷ്ണകുമാറിനെ തെള്ളകം കാരിത്താസ് ആശുപത്രിക്ക് സമീപമുള്ള റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 28 വയസായിരുന്നു ഗൗതമിൻ്റെ പ്രായം. കാരിത്താസ് റെയിൽവേ ഗേറ്റിനു സമീപമാണ് ഗൗതമിൻ്റെ മൃതദേഹം കണ്ടത്. ഗൗതമിന്റെ കാർ കാരിത്താസ് ജംക്‌ഷനും അമ്മഞ്ചേരിക്കും ഇടയിലുള്ള റോഡിൽ പാർക്ക് ചെയ്‌ത നിലയിലും കണ്ടെത്തിയിരുന്നു.
എഞ്ചിനിയറിംഗ് ബിരുദധാരിയായ അദ്ദേഹം തിരുവനന്തപുരത്ത് ഐടി സ്ഥാപനം നടത്തുകയായിരുന്നു. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. തുടർന്ന് കുടുംബം നടത്തിയ നിയമപോരാട്ടത്തിനോടുവിൽ കേസ് സിബിഐ ഏറ്റെടുക്കുകയായിരുന്നു. പൊലീസിന്റെ അന്വേഷണത്തില്‍ പിഴവുണ്ടെന്നും കോടതി കണ്ടെത്തിയിരുന്നു.
കോട്ടയം നഗരത്തിലെ പ്രധാന ഓഡിറ്റോറിയമായ ഇന്ദ്രപ്രസ്ഥയുടെ ഉടമയാണ് മരിച്ച വിജയകുമാർ. ഇതിന് പുറമേ നിരവധി വ്യവസായ സംരംഭങ്ങളും അദ്ദേഹത്തിനുണ്ട്. ഇന്ന് രാവിലെ എട്ട് മണിയോടെ വീട്ടിൽ ജോലിക്കെത്തിയ സ്ത്രീയാണ് മൃതദേഹം ആദ്യം കണ്ടത്. വിജയകുമാറിന്റെ മൃതദേഹം ഹാളിലും മീരയുടെ മൃതദേഹം മറ്റൊരു മുറിയിലും ആണ് ഉണ്ടായിരുന്നത്. ദമ്പതികളെ ആക്രമിക്കാൻ പ്രതി ഉപയോഗിച്ച കോടാലി വീട്ടിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. കോട്ടയം എസ്‌പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. മോഷണശ്രമം നടന്നിട്ടില്ലെന്നാണു പൊലീസിൻ്റെ പ്രാഥമിക വിലയിരുത്തൽ.
ഇരട്ടക്കൊലപാതകത്തിൽ പ്രതിയെ കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചതായി ജില്ലാ പൊലീസ് മേധാവി എസ്. ഷാഹുൽ ഹമീദ് പറഞ്ഞു. ‘‘നിലവിൽ ആരും കസ്റ്റഡിയിൽ ഇല്ല. വ്യക്തിപരമായ പ്രശ്നങ്ങളാണ് കൊലപാതകത്തിനു കാരണം. വീടിനെ കുറിച്ച് നല്ല അറിവുള്ളയാളാണ് കൊലപാതകം നടത്തിയത്. വീട്ടിലെ സിസിടിവിയുടെ ഡിവിആർ നഷ്ടപ്പെട്ടിട്ടുണ്ട്. വിജയകുമാറിന്റെ മൃതദേഹം ഹാളിലും ഭാര്യയുടെ മൃതദേഹം ഊണുമുറിയിലുമാണ് കിടന്നിരുന്നത്’’– ജില്ലാ പൊലീസ് മേധാവി പറഞ്ഞു. പ്രതിയെ കണ്ടെത്തുന്നതിനായി ശാസ്ത്രീയ മാർഗങ്ങളിൽ സമഗ്രമായ അന്വേഷണം ആരംഭിച്ചുവെന്ന് എസ്പി പറഞ്ഞു. കൊലപാതകം നടന്ന സ്ഥലത്ത് പരിശോധന നടത്തിയ ശേഷം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു ഷാഹുൽ ഹമീദ്.
കോട്ടയത്ത് വ്യവസായിയും ഭാര്യയും വീടിനുള്ളിൽ മരിച്ച നിലയിൽ; കൊലപാതകം എന്ന് നിഗമനം.