കൊച്ചിയിലെ മാര്‍ക്കറ്റിങ് കമ്പനിയില്‍ തൊഴില്‍ പീഡനം. ഹിന്ദുസ്ഥാന്‍ പവര്‍ലിങ്ക്സ് എന്ന കമ്പനിയിലാണ് തൊഴില്‍ പീഡനം നടന്നത്. ടാര്‍ഗറ്റ് പൂര്‍ത്തിയാകാത്തവരോടാണ് മാനേജരുടെ ക്രൂരത. കഴുത്തില്‍ ബെല്‍റ്റിട്ട് നായ്ക്കളെ പോലെ നടത്തിക്കുക, നായ്ക്കളെ പോലെ ഭക്ഷണം കഴിപ്പിക്കുക, വായില്‍ ഉപ്പ് വാരിയിട്ട് തുപ്പാന്‍ അനുവദിക്കാതിരിക്കുക തുടങ്ങിയ പീഡനങ്ങളാണ് തൊഴിലാളികള്‍ക്ക് നേരെ നടക്കുന്നത്. പല വീടുകള്‍ കയറി സാധങ്ങള്‍ വില്‍ക്കുകയാണ് തൊഴിലാളികളുടെ ടാര്‍ഗറ്റ്. എന്നാല്‍ ടാര്‍ഗറ്റ് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത സാഹചര്യങ്ങളുണ്ടാകാറുണ്ട്. അതിന് ശേഷം ഓഫീസിലെത്തുന്നവരെ പീഡിപ്പിക്കും. മുഖത്തടക്കം ക്രൂര പീഡനങ്ങള്‍ നടത്തും. പീഡനത്തിന്റെ ദൃശ്യങ്ങള്‍ മേല്‍ത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്കും അയച്ചു നല്‍കും. ആറ് മാസത്തെ ട്രെയിനിങ് എന്ന് പറഞ്ഞ് ജോലിയില്‍ പ്രവേശിപ്പിക്കുന്നവര്‍ക്കെതിരെയാണ് ഈ ക്രൂര പീഡനം.
പത്രത്തിലെ പരസ്യം കണ്ടാണ് പലരും ജോലിക്ക് വരുന്നത്. അഭിമുഖത്തിന്റെ സമയത്ത് ആറ് മാസം ട്രെയിനിങ്ങും 8000-10000 വരെ ശമ്പളം നല്‍കുമെന്നും വാഗ്ദാനം ചെയ്യും. എന്നാല്‍ ജോലിക്ക് കയറിയതിന് ശേഷം ശമ്പളമില്ലെന്നാണ് മാനേജർമാർ പറയുന്നത്. ശമ്പളം ചോദിച്ചാല്‍ സ്‌റ്റൈപ്പന്റ് നല്‍കാനേ പറ്റൂ എന്നാണ് മാനേജര്‍മാര്‍ പറയുന്നതെന്നും തൊഴിലാളികള്‍ പറയുന്നു. ട്രെയിനിങ് കഴിഞ്ഞാല്‍ ഉയര്‍ന്ന വരുമാനം ലഭിക്കുമെന്ന വാഗ്ദാനത്തിലാണ് പലരും പിടിച്ചു നിന്നതെന്നും എന്നാല്‍ ആറ് മാസം കഴിഞ്ഞിട്ടും ട്രെയിനിങ് പിരീഡില്‍ നിന്ന് മാറ്റുന്നില്ലെന്നും അവര്‍ പറഞ്ഞു. ഉപദ്രവിക്കാന്‍ വേണ്ടി മാത്രം കമ്പനിയില്‍ മാനേജര്‍മാരുണ്ടെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
ഇതിനിടെ, നാടകീയമായ മറ്റൊരു സംഭവം കൂടി അരങ്ങേറി. പെരുമ്പാവൂരിലെത്തിയ ലേബർ ഓഫീസറും പൊലീസും ദൃശ്യങ്ങളിൽ കാണുന്ന യുവാക്കളിലൊരാളെ കണ്ടെത്തി വിവരം തേടി. തൊഴിൽ പീഡനമല്ല നടന്നത് എന്നും സ്ഥാപനത്തിൽ നിന്ന് പിരിച്ചു വിട്ട ഒരു മുൻ മാനേജർ ചിത്രീകരിച്ച വിഡിയോ ആണ് പുറത്തു വന്നതെന്നുമാണ് ഇയാൾ പറഞ്ഞത്. സ്ഥലത്തെത്തിയ പാലാരിവട്ടം പൊലീസ് സ്ഥാപനത്തിൽ പരിശോധന നടത്തി. തങ്ങൾക്ക് ഇപ്പോൾ നടക്കുന്ന പ്രശ്‌നങ്ങളുമായി ബന്ധമില്ലെന്നും ഇവരുടെ ഉത്‌പനങ്ങൾ എടുത്തു വിൽക്കുന്ന കമ്പനിയിലാണ് ഇത് സംഭവിച്ചതെന്ന് ഉടമ അറിയിച്ചതായി പൊലീസ് വ്യക്‌തമാക്കി. പെരുമ്പാവൂരിലെ കെൽട്രോ എന്ന സ്‌ഥാപനമാണ് ഇതെന്നാണ് പ്രാഥമിക വിവരമെന്നും കൂടുതൽ കാര്യങ്ങൾ അന്വേഷണത്തിലൂടെയേ വ്യക്തമാകൂ എന്നും പൊലീസ് പറഞ്ഞു. കൊച്ചിയിലെ സ്ഥാപനത്തെ സംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. തുടർന്ന് സ്‌ഥലത്ത് പൊലീസ് സുരക്ഷയൊരുക്കി.
വിഷയത്തിൽ തൊഴിൽ മന്ത്രി വി.ശിവൻകുട്ടി എറണാകുളം ജില്ലാ ലേബർ ഓഫീസറോട് റിപ്പോർട്ട് തേടി. യുവജന സംഘടനകളടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തി. ഇക്കാര്യങ്ങൾ അന്വേഷിച്ചു വരികയാണെന്ന് ലേബർ ഓഫീസർ വ്യക്തമാക്കി. വാർത്തകൾ പുറത്തുവന്ന് വൈകാതെ കൊച്ചി നോർത്ത് ജനതാ റോഡിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി എത്തി. വൈകാതെ ഡിവൈഎഫ്ഐയും പ്രതിഷേധവുമായി രംഗത്തെത്തുകയും സ്‌ഥാപനത്തിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുകയും ചെയ്‌തു. വൈകിട്ടോടെ സിഐടിയുവും പ്രതിഷേധവുമായി എത്തി. പൊലീസ് വീടിന്റെ ഗേറ്റുകൾ അടച്ച് കാവൽ തീർത്തു.
ഇതിനിടെ പെരുമ്പാവൂരിലെ മാറമ്പിള്ളിയിൽ പ്രവർത്തിച്ചിരുന്ന കെൽട്രോ ഗ്രൂപ്പിൻ്റെ ജനറൽ മാനേജർ പീഡന പരാതിയിൽ രണ്ടര മാസം മുൻപ് അറസ്‌റ്റിലായിരുന്നു എന്ന വിവരം പൊലീസ് വ്യക്തമാക്കുന്നത്. ഈ സ്‌ഥാപനത്തിൽ ജോലി ചെയ്തിരുന്ന പെൺകുട്ടി നൽകിയ പരാതിയിലാണ് വയനാട് സ്വദേശിയായ ഇയാൾ അറസ്‌റ്റിലാകുന്നതും പിന്നീട് ജാമ്യത്തിലിറങ്ങുന്നതും. ഈ കമ്പനി അന്നു മുതൽ അടച്ചിട്ടിരിക്കുകയാണ് എന്നാണ് വിവരം. ഇയാൾ പുതികാവിൽ പുതിയ കമ്പനി തുറന്നു എന്നും റിപ്പോർട്ടുകളുണ്ട്. പീഡനവും തൊഴിൽ ചൂഷണവും നേരിട്ടതായി കാണിച്ച് മുൻ ജീവനക്കാരിലൊരാൾ ഇതിനിടെ രംഗത്തെത്തുകയും ചെയ്തു. ഏതാനും ദിവസം മുമ്പ് ഇത്തരത്തിൽ ഒരു പരാതി ലഭിച്ചിരുന്നു എന്ന് പെരുമ്പാവൂർ പൊലീസും വ്യക്‌തമാക്കി.