കൊച്ചി: മുനമ്പം ജുഡീഷ്യൽ കമ്മീഷന് പ്രവർത്തനം തുടരാമെന്ന് ഹൈക്കോടതി. മുനമ്പം ജുഡീഷ്യൽ കമ്മീഷന്‍റെ പ്രവർത്തനം അസാധുവാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. മെയ് 27-ന് കമ്മിഷന്റെ കാലാവധി തീരാനിരിക്കെ കമ്മിഷന്റെ പ്രവർത്തനങ്ങൾ തുടരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചിരുന്നു. സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നൽകിയ അപ്പീൽ വേനലധിക്കുശേഷം ജൂണിൽ പരിഗണിക്കും. വിശദമായ വാദം കേട്ടതിന് ശേഷമായിരിക്കും ഉത്തരവ് പുറപ്പെടുവിക്കുക.
മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് നേരത്തെ കണ്ടെത്തിയതാണെന്നും നിലവിൽ വഖഫ് ട്രിബ്യൂണലിന്‍റെ പരിഗണനയിലുമുളള സാഹചര്യത്തിൽ ജുഡീഷ്യൽ കമ്മീഷന് ഇടപെടാൻ അവകാശമില്ലെന്നും വ്യക്തമാക്കികൊണ്ടാണ് സിംഗിൾ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. ഇതിനെതിരേയാണ് സർക്കാർ ഡിവിഷൻ ബെഞ്ചിലേക്ക് അപ്പീൽ പോയത്. എന്നാൽ ജുഡീഷ്യൽ കമ്മീഷൻ പ്രവർത്തനം റദ്ദാക്കിയതിനെതിരേ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി തീർപ്പാക്കിയിട്ടില്ല. ഈ അപ്പീൽ ആണ് ജൂണിൽ പരിഗണിക്കുന്നത്.
പ്രതീക്ഷിച്ച വിധിയെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. മുനമ്പം പ്രശ്നം അവിടെ തീരണം. അതിന് ഇവിടുന്ന് മന്ത്രിമാർ അവിടെ പോയി ഇടപെടേണ്ട കാര്യം ഒന്നുമില്ല അത് സംസ്ഥാനത്തിന്റെ കാര്യമാണ്. മുനമ്പം കമ്മീഷന് സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തതാണ് സങ്കീർണതകൾ ഉണ്ടാക്കിയത്. മുനമ്പം സംസ്ഥാനത്തിന്റെ കാര്യം അത് അവിടെ തീർക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.