റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അടിസ്ഥാന പലിശനിരക്ക് (റീപ്പോ റേറ്റ്) 0.25% വെട്ടിക്കുറച്ചു. ഇതോടെ റിപ്പോ നിരക്ക് ആറ് ശതമാനമായി. പണപ്പെരുപ്പം കുറയുന്ന സാഹചര്യവും അനിവാര്യമായ വളര്‍ച്ചയും കണക്കിലെടുത്താണ് തുടര്‍ച്ചയായി രണ്ടാം തവണയും നിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറായത്. ഇതോടെ ബാങ്കുകൾ വിതരണം ചെയ്യുന്ന ഭവന, വാഹന, വിദ്യാഭ്യാസ, കാർഷിക, സ്വർണപ്പണയ, മറ്റ് വ്യക്തിഗത വായ്പകളുടെ പലിശനിരക്കും ആനുപാതികമായി കുറയും.
യുഎസിന്റെ 26 ശതമാനം തീരുവ ബാധിക്കാനിടയുള്ളതിനാല്‍ അടിസ്ഥാന നിരക്ക് കുറച്ച് വളര്‍ച്ചയ്ക്ക് അനുകൂല നിലപാട് സ്വീകരിക്കുകയെന്ന നയമാണ് റിസര്‍വ് ബാങ്ക് സ്വീകരിച്ചത്. രാജ്യത്തെ പണപ്പെരുപ്പം നാല് ശതമാനത്തിന് താഴെ നിര്‍ത്തുകയെന്ന ലക്ഷ്യം കൈവരിച്ചതും ആര്‍ബിഐയ്ക്ക് ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. ഫെബ്രുവരിയില്‍ 3.61 ശതമാനമായിരുന്നു പണപ്പെരുപ്പം.