ഐശ്വര്യത്തിൻ്റെയും സമ്പൽസമൃദ്ധിയുടെയും പ്രതീക്ഷകൾ പങ്കുവച്ച് ലോകമെങ്ങുമുള്ള മലയാളികൾ ഏപ്രിൽ 14-നു വിഷു ആഘോഷിക്കുന്നു. മലയാളമാസം മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്. രാവും പകലും തുല്യമായ ദിവസമാണ് വിഷു. വിഷുവം എന്നാൽ തുല്യമായത് എന്നാണർത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം. ഈ ദിവസങ്ങളിലാണ് ഭൂമധ്യരേഖാ പ്രദേശത്ത് സൂര്യപ്രകാശം 180°യിൽ നേരെ പതിക്കുന്നത്. ഇതേ പ്രതിഭാസം നമ്മുടെ നാട്ടിൽ നടക്കുന്നതിനെ വിഷു എന്നും പറയുന്നു. മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിനു തുലാ വിഷുവും ഉണ്ട്.
വിഷുവുമായി ബന്ധപ്പെട്ടു പല ഐതിഹ്യങ്ങളും ഉണ്ട്. രാവണന്റെ മേൽ രാമൻ നേടിയ വിജയം ആഘോഷിക്കുവാനാണ് വിഷു എന്നാണ് ഒരു ഐതിഹ്യം. മറ്റൊരു ഐതിഹ്യമനുസരിച്ച് ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ച ദിവസമാണ് വിഷു.
കേരള കാർഷിക സംസ്‌കാരത്തിന്റെ തനിമയും പച്ചപ്പും ഓർമപ്പെടുത്തുന്ന ആഘോഷമാണ് വിളവെടുപ്പ് ഉത്സവം കൂടിയായ വിഷു. വിഷു ദിനത്തിൽ, പുലർച്ചെ എഴുന്നേറ്റ് ‘വിഷുക്കണി‘ ദർശിക്കും. നിലവിളക്ക്, ഓട്ടുരുളി അരി, വെള്ളരി, ചക്ക, മാങ്ങ, നാണയങ്ങള്‍, ശ്രീകൃഷ്ണ വിഗ്രഹം …. തുടങ്ങിയവ ചേർത്താണ് വിഷുക്കണി ഒരുക്കുന്നത്. വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു കൊല്ലക്കാലം നിൽക്കുമെന്നാണ് വിശ്വാസം. പുലർച്ചെ കണ്ണു തുറക്കുമ്പോൾ നല്ല വസ്തുക്കൾ കണി കാണുന്നത് വർഷം പൊതുവേ ഐശ്വര്യദായകമായിരിക്കും എന്നാണ് വിശ്വാസം. കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ് വിഷുക്കണി ഒരുക്കുവാനും അത് കാണിക്കുവാനുമുള്ള ചുമതല.
വിഷു ദിനത്തിലെ മറ്റൊരു പരമ്പരാഗത ആചാരമാണ് വിഷു കൈനീട്ടം. കണി കണ്ടതിനുശേഷം ഗൃഹനാഥൻ അല്ലെങ്കിൽ ഗ്രഹനാഥ കുടുംബാംഗങ്ങൾക്ക് നൽകുന്ന സമ്മാനമാണ് വിഷുക്കൈനീട്ടം എന്നറിയപ്പെടുന്നത്. വർഷം മുഴുവനും സമ്പൽ സമൃദ്ധി, ഐശ്വര്യം എന്നിവ ഉണ്ടാകട്ടേ എന്ന് അനുഗ്രഹിച്ചുകൊണ്ടാണ് കൈനീട്ടം നൽകുന്നത്.
വിഭവസമൃദ്ധമായ സദ്യയും വിഷുവിന്റെ പ്രത്യേകതയാണ്. രാവിലെ പ്രാതലിന് ചിലയിടങ്ങളിൽ വിഷുക്കട്ട എന്ന വിഭവവും കാണാറുണ്ട്. നാളികേരപ്പാലിൽ പുന്നെല്ലിന്റെ അരി വേവിച്ച് ജീരകം ചേർത്ത് വറ്റിച്ചാണ് വിഷുക്കട്ട ഉണ്ടാക്കുന്നത്. വിഷുക്കട്ടക്ക് മധുരമോ ഉപ്പോ ഉണ്ടാവാറില്ല. ഉച്ചക്ക് വിഭവസമൃദ്ധമായ സദ്യ. സദ്യയിൽ മാമ്പഴപുളിശ്ശേരി നിർബന്ധം. ചക്ക എരിശ്ശേരിയോ, ചക്കപ്രഥമനോ കാണണം. ഓണസദ്യയിൽ നിന്ന് വിഷുസദ്യക്കുള്ള വ്യത്യാസവും ഇതു തന്നെ. തൊടികളിൽ ചക്കയും മാങ്ങയും നിറഞ്ഞു നിൽക്കുന്ന കാലമായതുകൊണ്ടാവാമിത്.
വിഷുവുമായി ബന്ധമുള്ള ഒന്നാണ് കണിക്കൊന്ന (ഇന്ത്യൻ ലബർണം). കൊന്നപ്പൂ വിഷുക്കാലത്ത് കേരളത്തിലെങ്ങും പൂത്തു നിൽകുന്നത് കാണുവാൻ സാധിക്കും. കർണ്ണികാരം എന്നും അറിയുന്ന കണികൊന്നകളിൽ വിരിയുന്ന മഞ്ഞപ്പൂക്കളാണ് കേരളത്തിന്റെ സംസ്ഥാന പുഷ്പവും. വേനലിൽ സ്വർണ്ണത്തിന്റെ നിധി ശേഖരം തരുന്ന വൃക്ഷം എന്നാണ് കൊന്നകളെപറ്റി പുരാണങ്ങളിൽ പറയുന്നത്. വിഷുവിനായി നാട് ഒരുങ്ങുമ്പോഴേ കൊന്നകളും പൂത്തു തുടങ്ങും.
കാർഷിക സമൃദ്ധിയുടെ പോയകാലത്തെ സ്മരണകൾക്കൊപ്പം വരാനിരിക്കുന്ന നല്ല നാളുകളുടെ പ്രതീക്ഷകൂടിയാണ് ഒരോ വിഷുവും. എല്ലാ ഓൺലൈൻ വാർത്തകൾ വായനക്കാർക്കും വിഷു ദിന ആശംസകൾ