റിലീസ് ചെയ്യാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ, തന്റെ പ്രിയപ്പെട്ട ‘ഇച്ചാക്ക’യായ മമ്മൂട്ടിയുടെ പുതിയ ചിത്രം ‘ബസൂക്ക’യുടെ പ്രീ-റിലീസ് ടീസർ മോഹൻലാൽ പുറത്തിറക്കി. മമ്മൂട്ടിയുടെ ഗംഭീര ആക്ഷനും പഞ്ച് ഡയലോഗുകളും നിറഞ്ഞ ഒരു സ്‌റ്റൈലിഷ് ടീസറാണ് റിലീസിന് തൊട്ടുമുമ്പായി പുറത്ത് വിട്ടിരിക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം വിഷു- ഈസ്റ്റർ കാലം ആഘോഷമാക്കാനായി ഏപ്രിൽ 10 വ്യാഴാഴ്ചയാണ് ആഗോള റിലീസായി എത്തുന്നത്.
മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലർ സിനിമയെന്നു വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ‘ബസൂക്ക’. ചിത്രത്തിന്റെ കേരളത്തിലെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ് രണ്ടുദിവസം മുമ്പ് ആരംഭിച്ചിരുന്നു. മികച്ച അഡ്വാന്‍സ് ബുക്കിങ്ങാണ് ചിത്രത്തിന് കേരളത്തില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി. അബ്രഹാമും, ഡോള്‍വിന്‍ കുര്യാക്കോസുമാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. തിരക്കഥാകൃത്ത് കലൂർ ഡെന്നിസിൻ്റെ മകനാണ് ഡിനോ ഡെന്നിസ്. വമ്പന്‍ ആഗോള റിലീസായി എത്തുന്ന ‘ബസൂക്ക’ കേരളത്തിലെ മുന്നൂറോളം സ്‌ക്രീനുകളിലാണ് റിലീസ് ചെയ്യുന്നതെന്നാണ് സൂചന.
മമ്മൂട്ടിക്കൊപ്പം പ്രശസ്‌ത തമിഴ് നടനും സംവിധായകനുമായ ഗൗതം വാസുദേവ് മേനോനും നിർണായകമായ ഒരു കഥാപാത്രത്തെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നു. ബെഞ്ചമിൻ ജോഷ്വാ എന്ന് പേരുള്ള പോലീസ് ഓഫീസർ കഥാപാത്രമായാണ് ഗൗതം മേനോൻ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്‌ഫടികം ജോർജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സൂരജ് കുമാർ, കോ പ്രൊഡ്യൂസർ: സാഹിൽ ശർമ, ഛായാഗ്രഹണം: നിമിഷ് രവി, സെക്കൻ്റ് യൂണിറ്റ് ക്യാമറ: റോബി വർഗീസ് രാജ്, എഡിറ്റിങ്: നിഷാദ് യൂസഫ്, പ്രവീൺ പ്രഭാകർ, സംഗീതം: മിഥുൻ മുകുന്ദൻ, പ്രൊജക്റ്റ് ഡിസൈനർ: ബാദുഷ എം.എം, കലാസംവിധാനം: ഷിജി പട്ടണം, അനീസ് നാടോടി, വസ്ത്രാലങ്കാരം: സമീറ സനീഷ്, അഭിജിത്, മേക്കപ്പ്: ജിതേഷ് പൊയ്യ, എസ്. ജോർജ്, സംഘട്ടനം: മഹേഷ് മാത്യു, വിക്കി, പി.സി. സ്റ്റണ്ട്സ്, മാഫിയ ശശി, ചീഫ് അസോസിയേറ്റ്: സുജിത്, പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജു ജെ, ഡിജിറ്റൽ മാർക്കറ്റിങ്: വിഷ്‌ണു സുഗതൻ, പിആർഒ: ശബരി.