വത്തിക്കാൻ: ആരോഗ്യപരമായ ബുദ്ധിമുട്ടകൾക്കിടയിലും വിശ്വാസികൾക്ക് സർപ്രൈസ് നൽകി ഫ്രാൻസിസ് മാർപാപ്പ പൊതുവേദിയിലെത്തി. ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന ഫ്രാൻസിസ് പാപ്പ ആശുപത്രി വിട്ട ശേഷം ആദ്യമായാണ് പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത്. ചികിത്സ കഴിഞ്ഞ് രണ്ടാഴ്ച മുമ്പാണ് മാർപ്പാപ്പ ആശുപത്രി വിട്ടത്. ഞായറാഴ്ച രാവിലെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ വീൽചെയറിലാണ് അദ്ദേഹം വിശ്വാസികളെ അഭിസംബോധന ചെയ്തത്.
മാർപാപ്പ അപ്രതീക്ഷിതമായി മുന്നിലെത്തിപ്പോൾ കൈയടികളോടെയും ആർപ്പുവിളികളോടെയുമാണ് പതിനായിരക്കണക്കിന് വരുന്ന വിശ്വാസികൾ സ്വീകരിച്ചത്. മൂക്കിൽ ഓക്‌സിജൻ ട്യൂബുകൾ ഘടിപ്പിച്ച് വീൽചെയറിൽ പുഞ്ചിരിയോടെയാണ് മാർപാപ്പ വത്തിക്കാൻ സെൻ്റ് പീറ്റേഴ്‌സ് സ്ക്വയറിലെ അൾത്താരയുടെ മുന്നിലേക്ക് എത്തിയത്. എല്ലാവർക്കും ഞായറാഴ്ചയുടെ ആശംസകൾ നേരുന്നുവെന്നും പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദിയുണ്ടെന്നും മാർപാപ്പ പറഞ്ഞു.