ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്നലെ രാഷ്ട്രത്തിന് സമർപ്പിച്ച രാമേശ്വരത്തെ പുതിയ പാമ്പൻ പാലത്തിന് ഉദ്ഘാടനച്ചടങ്ങിന് തൊട്ടുപിന്നാലെ സങ്കേതിക തകരാർ. രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് കടൽപാലത്തിനാണ് തകരാർ നേരിട്ടത്. ഉദ്ഘാടനത്തിനു പിന്നാലെ രാമേശ്വരത്തു നിന്ന് താംബരത്തേക്കുള്ള പുതിയ ട്രെയിൻ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്‌തിരുന്നു. ഈ കപ്പലിന് കടന്നുപോകാൻ പാലത്തിൻ്റെ വെർട്ടിക്കൽ ലിഫ്റ്റ് സ്‌പാൻ ഉയർത്തി. എന്നാൽ കപ്പൽ കടന്നുപോയ ശേഷം ലിഫ്റ്റ് സ്പാൻ താഴ്ത്താൻ കഴിഞ്ഞില്ല. വെർട്ടിക്കൽ ലിഫ്റ്റ് സ്പാനിന്റെ ഒരു ഭാഗത്തായിരുന്നു പ്രശ്നം. തുടർന്ന് അറ്റകുറ്റപ്പണിയിലൂടെ ഇതു പരിഹരിക്കുകയായിരുന്നു. കൂടുതൽ പരിശോധനകൾ പാലത്തിൽ നടത്തുമെന്ന് അധികൃതർ അറിയിച്ചു.
രാമേശ്വരത്തെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന 110 വർഷം പഴക്കമുള്ള പാലത്തെയാണ് പുനർനിർമ്മിച്ചത്. 99 തൂണുകളോടു കൂടിയ പാലത്തിന് 2.08 കിലോമീറ്ററാണ് നീളം. 550 കോടിയിലധികം രൂപ ചെലവിൽ നിർമിച്ച പുതിയ പാലം ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് കടൽപാലമാണ്. പാലത്തിൽ 99 സ്‌പാനുകളും 72.5 മീറ്റർ നീളമുള്ള വെർട്ടിക്കൽ ലിഫ്റ്റ് സ്പാനും ഉൾപ്പെടുന്നു. ഇതുപയോഗിച്ച് പാലം 17 മീറ്റർ വരെ കുത്തനെ ഉയർത്താൻ കഴിയും.
ലിഫ്റ്റ് സ്പാൻ രണ്ടായി വേർപ്പെടുത്തി ഇരുവശത്തേക്കും ഉയർത്തുന്ന സംവിധാനമായിരുന്നു പഴയ പാലത്തിന്റേത്. എന്നാൽ അഞ്ച് മിനുട്ട് കൊണ്ട് ലിഫ്റ്റ് സ്‌പാൻ 17 മീറ്ററോളം നേരെ ഉയർത്താവുന്ന സംവിധാനമാണ് പുതിയ പാലത്തിൽ. ഇത് വലിയ കപ്പലുകളുടെ സുഗമമായ കടന്നുപോക്കിനും തടസമില്ലാത്ത ട്രെയിൻ പ്രവർത്തനങ്ങൾക്കും സഹായമാകും. പാലം കുത്തനെ ഉയർത്താനും താഴ്ത്താനും ഇലക്ട്രോ മെക്കാനിക്കൽ വെർട്ടിക്കൽ ലിഫ്റ്റാണ് ഉപയോഗിക്കുന്നത്. പാലം ഉയർത്താൻ മൂന്ന് മിനിറ്റും താഴ്ത്താൻ രണ്ട് മിനിറ്റുമാണ് വേണ്ടി വരിക.
രാജ്യത്തുടനീളം വ്യാപാരവും സമ്പദ്വ്യവസ്ഥയും മെച്ചപ്പെടുത്താനും കണക്റ്റിവിറ്റി വർധിപ്പിക്കാനും പുതിയ പാമ്പൻ പാലം സഹായിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. വികസിത ഭാരതത്തിലേക്കുള്ള യാത്രയിൽ തമിഴ്‌നാട് ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പുതിയ പാമ്പൻ റെയിൽവേ പാലത്തിലൂടെയുള്ള ട്രെയിൻ സർവീസുകൾ രാമേശ്വരം, ചെന്നൈ, രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങൾ എന്നിവ തമ്മിലുള്ള കണക്റ്റിവിറ്റി വർധിപ്പിക്കും. ഇത് തമിഴ്‌നാട്ടിലെ വ്യാപാരത്തിൻ്റെയും ടൂറിസത്തിൻ്റെയും സാധ്യതകൾ വർധിപ്പിക്കും. യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ഠിക്കുമെന്നും അദേഹം പറഞ്ഞു.
തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ്റെ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ചടങ്ങിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, തമിഴ്‌നാട് ഗവർണർ ആർ.എൻ രവി, സംസ്ഥാന ധനമന്ത്രി തങ്കം തെന്നരസു തുടങ്ങിയവർ സന്നിഹിതരായിരുന്നു.