മധുര: സിപിഐഎമ്മിനെ ഇനി എം എ ബേബി നയിക്കും. മധുരയില്‍ വച്ച് നടന്ന 24ാമത് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് എം എ ബേബിയെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. എട്ട് പേരാണ് എം എ ബേബിയെ പിബിയില്‍ നിന്ന് അനുകൂലിച്ചത്. പശ്ചിമ ബംഗാളില്‍ നിന്നുള്ള 5 പിബി അംഗങ്ങള്‍ എതിര്‍ക്കുകയും ചെയ്തു. വോട്ടെടുപ്പില്ലാതെയാണ് പിബി എം.എ.ബേബിയെ നേതൃസ്ഥാനത്തേക്ക് അംഗീകരിച്ചത്. നേരത്തേ ബേബിയെ എതിർത്ത ബംഗാൾ ഘടകം പിന്നീട് പിന്മാറിയിരുന്നു.
ഇഎംഎസിന് ശേഷം കേരളത്തില്‍ നിന്ന് ആദ്യമായാണ് ജനറല്‍ സെക്രട്ടറിയാകുന്നത്. കേരളത്തില്‍ നിന്നുള്ള പ്രകാശ് കാരാട്ട് ജനറല്‍ സെക്രട്ടറിയായിരുന്നെങ്കിലും അദ്ദേഹം പാര്‍ട്ടി സെന്ററില്‍ നിന്നാണ് ജനറല്‍ സെക്രട്ടറിയായത്.
എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയ രംഗത്തേക്ക് ഉയര്‍ന്നുവന്ന നേതാവാണ് എം എ ബേബി. 1979-ല്‍ എസ്എഫ്‌ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1984-ല്‍ സിപിഐഎം കേരള സംസ്ഥാന കമ്മിറ്റിയംഗമായ ബേബി 1986ല്‍ രാജ്യസഭാംഗമായി. ആ സമയത്ത് രാജ്യസഭയില്‍ ഏറ്റവും പ്രായംകുറഞ്ഞ അംഗങ്ങളില്‍ ഒരാളായിരുന്നു എം എ ബേബി. 1998 വരെ രാജ്യസഭാംഗമായി പ്രവര്‍ത്തിച്ചു. 1987-ല്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായും 1989-ല്‍ സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗമായും അദ്ദേഹം നിയമിക്കപ്പെട്ടു. 2006ല്‍ കേരള സംസ്ഥാന നിയമസഭാംഗമായ എം എ ബേബി സംസ്ഥാന വിദ്യാഭ്യാസ സാംസ്‌കാരിക വകുപ്പു മന്ത്രിയായി ചുമതലയേറ്റു. 2012-ല്‍ സിപിഐഎം പൊളിറ്റ് ബ്യൂറോയിലെത്തി.
85 അംഗ കേന്ദ്ര കമ്മിറ്റി
മഹാരാഷ്ട്ര, യുപി ഘടങ്ങളുടെ എതിർപ്പിനെ തുടർന്ന് കേന്ദ്രകമ്മിറ്റിയിലേക്ക് മത്സരം ഉയർന്നു. കേന്ദ്ര കമ്മറ്റിയിലേക്കു മത്സരിച്ച സിഐടിയു ദേശീയ വൈസ് പ്രസിഡന്റും മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ഡി.എല്‍.കരാഡ് പരാജയപ്പെട്ടു. ഇതോടെ കേന്ദ്ര കമ്മറ്റി മുന്നോട്ടു വച്ച 84 അംഗ പാനൽ അംഗീകരിക്കപ്പെട്ടു. 30 പുതിയ അംഗങ്ങളെയാണ് ഇത്തവണ പരിഗണിച്ചത്. കേന്ദ്ര കമ്മിറ്റിയിലെ കേരളത്തിൽ നിന്നുള്ള അംഗങ്ങളുടെ എണ്ണം 17 ആയി ഉയർന്നു. കേരളത്തിൽ നിന്നു മൂന്ന് പേരെ സിപിഎം കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്തി. എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശൻ, കെ.എസ്.സലീഖ എന്നിവരെയാണു കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. പി.കെ.ശ്രീമതിയും കേന്ദ്രകമ്മിറ്റിയിൽ തുടരും. ഒരു സീറ്റ് ഒഴിച്ചിട്ടുണ്ട്.
18 അംഗ പൊളിറ്റ് ബ്യൂറോ
18 അംഗ പൊളിറ്റ് ബ്യൂറോ പട്ടികയും പുറത്തുവന്നു. എം.എ. ബേബി, മുഹമ്മദ് സലിം, പിണറായി വിജയൻ, ബി.വി. രാഘവലു, തപൻ സെൻ, നീലോത്പൽ ബസു, രാമചന്ദ്ര ഡോം, എ. വിജയരാഘവൻ, അശോക് ധാവ്ളെ, എം.വി. ഗോവിന്ദൻ, യു. വാസുകി, വിജു കൃഷ്ണൻ, ആർ.അരുൺകുമാർ, മറിയം ധാവ്ളെ, ജിതേൻ ചൗധരി, ശ്രീദീപ് ഭട്ടാചാര്യ, അമ്രാ റാം, കെ. ബാലകൃഷ്‌ണൻ എന്നിവരെയാണ് പിബിയിലേക്ക് നിർദേശിച്ചിരിക്കുന്നത്.