വാഷിങ്ടൻ: ജനുവരിയിൽ അധികാരമേറ്റാലുടൻ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിന് അമേരിക്ക സാക്ഷ്യംവഹിക്കുമെന്ന് നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. പ്രഖ്യാപനം 17,940 ഇന്ത്യക്കാരെ ബാധിക്കും. നാടുകടത്തലിനുള്ള മുന്നൊരുക്കമായി അനധികൃതമായി രാജ്യത്ത് കഴിയുന്ന ഏകദേശം 15 ലക്ഷം കുടിയേറ്റക്കാരുടെ അന്തിമപട്ടിക യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) നവംബറിൽ പുറത്തുവിട്ടിരുന്നു. അതിൽ 17,940 പേർ ഇന്ത്യക്കാരാണെന്നാണ് വിവരം. കൂടുതലും പഞ്ചാബ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ളവർ ആണെന്നാണ് സൂചന.
തങ്ങളുടെ പൗരരെന്ന് വിശ്വസിക്കപ്പെടുന്നവരെ സ്വീകരിക്കാൻ വിദേശ സർക്കാരുകൾ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഐസിഇ പറഞ്ഞു. മടങ്ങിയെത്തുന്ന പൗരന്മാരെ സ്വീകരിക്കുന്നതിൽ രാജ്യങ്ങൾ കാണിക്കുന്ന നിസഹകരണം അടിസ്ഥാനമാക്കി ഇന്ത്യയെ സഹകരിക്കാത്തവരുടെ വിഭാഗത്തിലാണ് ഐസിഇ ഉൾപ്പെടുത്തിയിരിക്കുന്നത്. 15 രാജ്യങ്ങൾ ഈ പട്ടികയിലുണ്ട്. രേഖകളില്ലാതെ രാജ്യത്തുകഴിയുന്ന നൂറോളം ഇന്ത്യക്കാരെ കഴിഞ്ഞ ഒക്ടോബറിൽ അമേരിക്ക തിരിച്ചയച്ചിരുന്നു. 2023-24 സാമ്പത്തിക വർഷത്തിൽ മാത്രം 1100-ഓളം ഇന്ത്യക്കാരെ യു എസ് തിരികെ അയച്ചിട്ടുണ്ട്. ഇന്ത്യൻ സർക്കാരിന്റെ സഹകരണത്തോടെയായിരുന്നു നടപടി. എന്നാൽ നാടുകടത്തലിന് ഇന്ത്യ വേണ്ടത്ര പിന്തുണ നൽകുന്നില്ലെന്ന് യുഎസിന് പരാതിയുണ്ട്.